
കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയില്‍ മുതലമടയ്ക്കു സമീപം മൂച്ചംകുണ്ടില്‍ നിന്ന് കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണറ്റില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കുന്നു. ആരോ കൊന്നു തള്ളിയതാണെന്നും നിഗമനമുണ്ട്. സംഭവത്തില്‍ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് തമിഴ്‌നാട്ടില്‍ നിന്നു വന്നവരെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു ഈ യുവാവിന്.
സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയ സമയത്ത് പ്രതി പെണ്‍കുട്ടിയെ വിളിച്ച് സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍തോപ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയുടെ വായ പൊത്തിപിടിക്കുകയും പിടിവലിക്കിടയില്‍ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
അതിനു ശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. പോലീസിന്‍റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ പിതാവു വര്‍ഷങ്ങള്‍ക്ക് മുന്‍പു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ സഹോദരിമാര്‍ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാല്‍ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി.
പിന്നീട് വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കി. പോലീസ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അന്വേഷണം നടത്തി. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള വലിയ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. അത്ര അടച്ചുറപ്പില്ലാത്ത ഓലകൊണ്ടുളള വീടാണ് ഇവര്‍ക്കുളളത്.
