
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ 155 കത്തോലിക്കാ പുരോഹിതരും വിവിധ രൂപതകളിലെ മൂന്ന് മെത്രാന്മാരുമാണ് കൊവിഡ് ബാധിതരായി മരിച്ചത്. ഇവരിൽ 38 പുരോഹിതന്മാർ കേരളത്തിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തത് സിറോ-മലബാർ പള്ളിയിലെ തൃശൂർ അതിരൂപതയിലാണ്.

എട്ട് പുരോഹിതന്മാരാണ് കൊവിഡിന് കീഴടങ്ങിയത്. മരണപ്പെട്ട പുരോഹിതരുടെ പട്ടികയിൽ ലാറ്റിൻ, സിറോ-മലബാർ, സിറോ-മലങ്കര എന്നീ ഇന്ത്യയിലെ മൂന്ന് കത്തോലിക്കാ പള്ളികളിൽ ജോലി ചെയ്യുന്ന മത-രൂപത പുരോഹിതന്മാർ ഉൾപ്പെടുന്നു.
ഈ ഗുരുതര സാഹചര്യത്തിൽ പുരോഹിതരുടെ സുരക്ഷ ഉറപ്പാക്കാൻ മെയ് 5 ന് കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെന്ന് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ പറഞ്ഞു. ജൂൺ 1 മുതൽ 3 വരെ നടക്കുന്ന മൂന്ന് ദിവസത്തെ വെർച്വൽ കോൺഫറൻസിന് ശേഷം കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ.സി.ബി.സി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.
‘പുരോഹിതന്മാർക്ക് സേവനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട് അവരുടെ ജോലിയുടെ സ്വഭാവം അതാണ്. ഞങ്ങൾക്ക് അവരെ സേവനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യാൻ കെ.സി.ബി.സി നിർദ്ദേശിച്ചിരുന്നു. പക്ഷേ പല പുരോഹിതന്മാരും പോസിറ്റീവ് ആകുകയും ചിലർ രോഗം മൂലം മരിക്കുകയും ചെയ്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മോശമാണ് അവിടെ യുവ പുരോഹിതന്മാരും മരിക്കുന്നു. കേരളത്തിൽ മരിച്ച പുരോഹിതന്മാർ കൂടുതലും പ്രായമുള്ളവരാണ്. എന്നിരുന്നാലും പുരോഹിതരുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമ്മേളനത്തിനുശേഷം പുരോഹിതർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ നൽകും’ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പില്ലി പറഞ്ഞു.
