ക്രിസ്മസ്- പുതുവത്‌സര ചെലവിന് കേന്ദ്രം തന്നു, 1404.50 കോടി; ഖജനാവില്‍ മൊത്തം 4500 കോടി, മാര്‍ച്ചുവരെ ആവശ്യം 30,000 കോടി

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ക്രിസ്മസ്- പുതുവത്‌സര ചെലവിന് കേന്ദ്രം തന്നു, 1404.50 കോടി; ഖജനാവില്‍ മൊത്തം 4500 കോടി, മാര്‍ച്ചുവരെ ആവശ്യം 30,000 കോടി

തിരുവനന്തപുരം: അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1404.50 കോടി നികുതി വിഹിതവും 1100 കോടിയുടെ വായ്‌പാ അനുമതിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായി. ഡിസംബര്‍ 19ന് വായ്‌പയായി കിട്ടിയ 2000കോടിയും ചേര്‍ത്ത് ക്രിസ്മസ്- പുതുവല്‍സര വേളയില്‍ 4500 കോടിയാണ് ഖജനാവിലെത്തുന്നത്.

ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക നല്‍കാനും ക്രിസ്മസ്- പുതുവല്‍സര വിപണിയിൽ ഇടപെടലിനും അത്യാവശ്യ വികസന പദ്ധതികള്‍ക്കും തുക വിനിയോഗിക്കാൻ കഴിയും. നികുതി വിഹിതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി അനുവദിച്ചത് 72,961.21 കോടിയാണ്. 13000 കോടിയിലേറെ ലഭിച്ച യു.പിക്കാണ് ഏറ്റവും കൂടിയ വിഹിതം.

അതേസമയം, പദ്ധതി വിഹിതങ്ങളുടെ കുടിശികയും കടമെടുപ്പ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകളും കേന്ദ്രം അനുവദിച്ചില്ലെങ്കില്‍, സാമ്പത്തിക വര്‍ഷത്തിൻ്റെ അവസാന മാസങ്ങളായ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ കേരളം കടുത്ത പ്രതിസന്ധിയിലാകും. ജനുവരിയിലെ തുകയാണ് ഇപ്പോള്‍ നല്‍കിയ 1404 കോടി.

കിഫ്ബിയും പെൻഷൻ ഫണ്ടും എടുത്ത വായ്പയില്‍ നിന്ന് 3,140.7 കോടിരൂപ സര്‍ക്കാരിൻ്റെ കടമായി മാറ്റാനുള്ള തീരുമാനം ഒരുവര്‍ഷത്തേക്ക് ബാധകമാക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതോടെ ജനുവരി- മാര്‍ച്ച്‌ കാലയളവിലെ ചെലവുകള്‍ക്കായി കേരളത്തിന് അധികമായി 3,000 കോടിയോളം രൂപ കടമെടുക്കാം. ഈ മാസങ്ങളിലെ ചെലവുകള്‍ക്കായി 30,000 കോടിരൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ജനുവരി- മാര്‍ച്ചിലെ ദൈനംദിന ചെലവിന് പണം കണ്ടെത്താൻ വായ്‌പാ പരിധിയില്‍ ജി.എസ്.ഡി.പി.യുടെ ഒരു ശതമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. മൂന്ന് ശതമാനമാണ് നിലവിലെ പരിധി. കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമൻ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പുവര്‍ഷത്തെ മൊത്തം വായ്‌പാ അനുമതി:

36,940 കോടിരൂപ

കിഫ്ബി, പെൻഷൻഫണ്ട്

വായ്‌പയും കടപരിധിയില്‍

വന്നതോടെ ശേഷിക്കുന്നത്

26,931 കോടി

ഏപ്രില്‍- ഡിസംബര്‍ വരെ

കടമെടുത്തത്

21,800 കോടി

2024ജനുവരി മുതല്‍

മാര്‍ച്ചുവരെ

എടുക്കാവുന്ന വായ്‌പ

5,131കോടി

ഇതില്‍ മുൻകൂറായി

ഈ മാസം എടുത്തത്:

2,000കോടി

ഉടൻ എടുക്കുന്നത്

1,100 കോടി

ശേഷിക്കുന്ന തുക

2031 കോടി

കിഫ്ബി വായ്‌പ തല്ക്കാലം

ഒഴിവാക്കിയതോടെ

അധിക വായ്‌പ

3,140.7 കോടി

വൈദ്യുതി നവീകരണ

ഉപാധിയിലൂടെ അധിക വായ്‌പ

5500കോടി

ഇനി മൊത്തം

എടുക്കാവുന്ന വായ്‌പ

10671.7 കോടി

0Shares