
തൊഴിൽനിയമ പരിഷ്‌കരണത്തിന് ആക്കംകൂട്ടിക്കൊണ്ട് 13 കേന്ദ്രനിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയബില്ലിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ‘തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യം’ (ഒ.എസ്.എച്ച് കോഡ്)ബിൽ’ എന്നാണിതിനു പേരിട്ടിരിക്കുന്നത്. നാലു നിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ വേജ് കോഡ് ബില്ലിനു അനുമതി നൽകിയതിനു തുടർച്ചയായിട്ടാണിത്.
രണ്ടുബില്ലുകളും നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും. വേജസ് കോഡ് ബിൽ ഈയാഴ്ചതന്നെ കൊണ്ടുവരും. ഒ.എസ്.എച്ച്. കോഡ് പ്രകാരം തൊഴിൽസമയത്തിലും ഓവർടൈമിലും മാറ്റംവരാം. ജോലിസമയം 14 മണിക്കൂർ വരെയാകാം. കരാർ തൊഴിലാളിനിയമം പുതിയ ബില്ലിന്‍റെ ഭാഗമാക്കുമ്പോൾ, തുല്യജോലിക്കു തുല്യവേതനം എന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ ബില്ലിലെ വ്യവസ്ഥകൾ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കണം.

ഇപ്പോൾ പത്തിൽ കുറവ് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾ ബാധകമല്ല. ഫാക്ടറികളും സ്ഥാപനങ്ങളും പരിശോധിക്കാൻ എത്തുന്ന ഇൻസ്‌പെക്ടർക്ക് പകരം ‘ഫെസിലിറ്റേറ്റർ’ ആണ് ബില്ലിലുള്ളത്. അതു പൂർണമായും തൊഴിലുടമകൾക്ക് അനുകൂലമായ തീരുമാനമാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിബന്ധനയ്ക്ക് വിരുദ്ധവുമാണ് ആ നിർദേശം.
ട്രേഡു യൂണിയനുകളുമായും തൊഴിലുടമകളുമായും മറ്റും കൂടിയാലോചന നടത്തിയശേഷമാണ് ഒ.എസ്.എച്ച് ബിൽ കൊണ്ടുവരുന്നതെന്ന് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടിത, അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികൾക്ക് ബില്ലിലെ വ്യവസ്ഥകൾ പ്രയോജനപ്പെടും. ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഒ.എസ്.എച്ച്. ബോർഡും ദേശീയ സുരക്ഷിതത്വ കൗൺസിലും രൂപവത്ക്കരിക്കും.
