109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല; നാലരദിവസം കുഴല്‍ക്കിണറില്‍ക്കിടന്ന കുട്ടി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല; നാലരദിവസം കുഴല്‍ക്കിണറില്‍ക്കിടന്ന കുട്ടി മരിച്ചു

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പഞ്ചാബിലെ കുഴല്‍ക്കിണറില്‍ നിന്നു രക്ഷപ്പെടുത്തിയ രണ്ടുവയസ്സുകാരന്‍ മരിച്ചു. സംഗ്രൂരിലുള്ള കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍ സിങ്ങാണ് ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. രാവിലെ അഞ്ചരയോടെയാണു കുട്ടിയെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയശേഷം ആശുപത്രിയിലെത്തിക്കാനായി റോഡുമാര്‍ഗം 140 കിലോമീറ്ററാണു സഞ്ചരിച്ചത്. സര്‍ക്കാര്‍ ഹെലികോപ്ടര്‍ തയ്യാറാക്കിയിരുന്നെങ്കിലും എന്താണു സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

ജൂണ്‍ ആറിന് ഉച്ചയ്ക്കുശേഷമാണ് ഭഗവന്‍പുരിലെ വീടിനു വെളിയിലുള്ള 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കു കുട്ടി വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 125 അടിയോളം താഴ്ചയിലാണു കുട്ടി കിടന്നിരുന്നത്.
ഒമ്പതുമീറ്റര്‍ വ്യാസം മാത്രമുള്ള കുഴലിനുള്ളില്‍ നീങ്ങാന്‍ കുട്ടിക്കു കഴിയുമായിരുന്നില്ല. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്.

കുഴല്‍ക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവെച്ചാണ് ഇത്രയും ദിവസം കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. പൈപ്പുകളില്‍ക്കൂടി ഓക്സിജന്‍ നല്‍കുകയും ചെയ്തു. വഴിയില്‍ക്കിടന്ന ചണസഞ്ചിയില്‍ ചവിട്ടിയാണ് കുട്ടി കിണറിനുള്ളിലേക്കു വീണത്. ഈ സഞ്ചി കുട്ടിയുടെ മുഖത്തേക്കു ചെന്നുവീഴുകയും ചെയ്തിരുന്നു. കിണറിനുള്ളില്‍ നിന്നു പുറത്തെടുത്തപ്പോഴും ഈ സഞ്ചി കുട്ടിയുടെ മുഖത്തുണ്ടായിരുന്നു. നേരത്തേ കയര്‍ ഇട്ടുനല്‍കി രക്ഷപ്പെടുത്താന്‍ സേന ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. നാലുദിവസമായിട്ടും കുട്ടിയെ രക്ഷപ്പെടുത്താനാവാത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് ഇന്നലെ പ്രതിഷേധിച്ചിരുന്നു. സംഭവത്തോടെ സംസ്ഥാനത്ത് ഇനി ഒരു കുഴല്‍ക്കിണറും തുറന്നുകിടക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും നിര്‍ദേശിച്ചു. മാതാപിതാക്കളുടെ ഏകമകനാണ് ഫത്തേവീര്‍ സിങ്.

0Shares