100 ട്വീറ്റുകള്‍; മുന്നറിയിപ്പുകള്‍ ആരും ഗൗനിച്ചില്ല, മുംബൈയിലേത് വരുത്തിവച്ച ദുരന്തം

  • Post category:news
  • Reading time:2 mins read
You are currently viewing 100 ട്വീറ്റുകള്‍; മുന്നറിയിപ്പുകള്‍ ആരും ഗൗനിച്ചില്ല, മുംബൈയിലേത് വരുത്തിവച്ച ദുരന്തം

മുംബൈ: 22 പേരുടെ മരണത്തിനും നിരവധി പേരെ ഗുരുതര പരിക്കിനും ഇടയാക്കിയ മുംബൈയിലെ റെയില്‍വേ മേല്‍പ്പാല അപകടത്തിന് പിന്നാലെ റെയില്‍വേക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍. ബ്രീട്ടീഷ് കാലത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യത്തെ ഗൗരവമായി കാണാത്തതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റുകളും കമന്റുകളും കൊണ്ട് റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ച് വിടുന്നത്. അപകടമുണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ പ്രശ്‌നത്തെ കുറിച്ച് അധികൃതരെ നിരവധി തവണ അറിയിച്ചതാണ്. പക്ഷെ അവഗണിക്കുകായിരുന്നുവെന്ന് മുംബൈ നിവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ല മറിച്ച് കൂടുതല്‍ സുരക്ഷയുള്ള മേല്‍പ്പാലങ്ങളും റെയില്‍വേ പ്ലാറ്റ് ഫോമുകളുമാണെന്നാണ് പലരും പറയുന്നത്. ഒരുവര്‍ഷം മുമ്പ് പലരും ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്തുകൊണ്ട് തന്നെ പലരും ട്വീറ്റുകളിലൂടെ അപകടസാധ്യത അറിയിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 1600 പേരെങ്കിലും തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണും റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കുമ്പോഴെല്ലാം മുംബൈയില്‍ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിന് ശേഷം തങ്ങള്‍ മുമ്പ് നല്‍കിയ ട്വീറ്റുകള്‍ വീണ്ടും പോസ്റ്റ് ചെയ്ത് കൊണ്ടാണ് പലരും റെയില്‍വേക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ച് വിടുന്നത്.രാജ്യസഭ എം.പിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ആഗസ്റ്റില്‍ പുതിയ അഞ്ച് മേല്‍പ്പാലം പണിയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെന്നും അതിന് റെയില്‍വേ മന്ത്രാലയം ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുകയായിരുന്നു. സച്ചിന്‍ നിര്‍ദ്ദേശിച്ച റെയില്‍വേ സ്റ്റേഷനുകളില്‍ പപെട്ടതായിരുന്നു എഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍. ശിവസേന എം.പി അരവിന്ദ് സാവന്ത് തുടര്‍ച്ചയായി നല്‍കിയ നല്‍കിയ പരാതിയും കേന്ദ്രം അവഗണിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മുംബ്ര, പാരെല്‍, തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക മേല്‍പ്പാലങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും തിരക്കുള്ള സീസണില്‍ അപക സാധ്യതയുണ്ടെന്നും സച്ചിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന റെയില്‍വേകാര്യ മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സച്ചിന് ഉറപ്പു നല്‍കിയിരുന്നു. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെയടക്കം അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാകുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ നിരന്തരമായി സച്ചിന്‍ റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മുംബൈയിലെ സ്റ്റേഷനുകളിലെ സുരക്ഷ സംവിധാനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ റെയില്‍വേയ്ക്ക് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. 100 ട്വീറ്റുകളും ഇതു സംബന്ധിച്ച് റെയില്‍വേയ്ക്കു യാത്രക്കാര്‍ അയച്ചിരുന്നു.  പാലം മാറ്റാന്‍ ഒരു ദുരന്തം വരുംവരെ കാത്തിരിക്കണമോ എന്ന ചോദ്യവുമായി മുന്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രിക്കും യാത്രക്കാര്‍ കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. ശിവസേന എം.പിമായ അരവിന്ദ് സാവന്തും രാഹുല്‍ ഷവാലെയും രണ്ട് കൊല്ലംമുമ്പ് സുരേഷ് പ്രഭുവിന് നിവേദനവും നല്‍കിയതാണ്. 2016 പതിനേഴ് വര്‍ഷത്തെ ബജറ്റില്‍ 11.86കോടിയുടെ കാല്‍നടപ്പാലം പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. അതുകൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാരാണ് ഈ ദുരന്തത്തിന് ഉത്തരവാദികളെന്നുപറഞ്ഞ് സഖ്യകക്ഷിയായ ശിവസേന, പ്രത്യക്ഷ സമരം തുടങ്ങിക്കഴിഞ്ഞു. ട്വീറ്റുകളിലൂടെ വിമര്‍ശനം ഏറ്റ് വാങ്ങിയതോടെ കഴിഞ്ഞ വര്‍ഷം ഇവിടേക്ക് അനുവദിച്ച പുതിയ മേല്‍പ്പാലത്തിന് ടെണ്ടര്‍ വിളിച്ചതായി റെയില്‍വേ മന്ത്രി ട്വീറ്റ് ചെയ്തു.

 

0Shares