10 ഭരണപക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു; രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്ന കര്‍ണാടക

  • Post category:news
  • Reading time:1 min read
You are currently viewing 10 ഭരണപക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു; രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്ന കര്‍ണാടക

ഒരു ഇടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി. കര്‍ണാടക ഭരിക്കുന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 10 ഭരണപക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. രാജിവയ്ക്കുന്നതിനായി എം.എല്‍.എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്‍റെ ഏഴ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിക്ക് ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന രമേഷ് ജര്‍ക്കിഹോളി അടക്കമുള്ളവരാണ് രാജി പ്രഖ്യാപനം നടത്തി സ്പീക്കറുടെ ഓഫീസിലെത്തിയത്. ജെ.ഡി.എസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും രാജിവയ്ക്കുന്ന എം.എല്‍.എമാരില്‍ ഉള്‍പ്പെടും. രാജിവയ്ക്കാനാണ് വന്നതെന്ന് സ്പീക്കര്‍ ഓഫീസിലെത്തിയ രാമലിംഗ റെഡ്ഡി എം.എല്‍.എ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. അതേസമയം സ്പീക്കര്‍ ഓഫീസില്‍ ഇല്ലെന്നാണ് വിവരം. അടിയന്തര രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. എ.ഐ.സി.സി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി എം.എല്‍.എമാരെ കണ്ടു.

എം.എല്‍.എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി വന്‍ജയം നേടുകയും വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ തന്നെ കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും എന്ന അഭ്യൂഹം ശക്തമായിരുന്നു. ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം യെദ്യൂരിയപ്പയോട് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0Shares