തിരുവനന്തപുരം: കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടി ഭാവനക്ക് ഉണ്ടായ അനുഭവം ഇനി ആവര്‍ത്തിക്കപ്പെടരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്ന് വീട്ടിലേക്ക് സിനിമാ പ്രവര്‍ത്തകരുടെ വാഹനത്തില്‍ മടങ്ങുമ്പോള്‍ നടിയുടെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ മറ്റൊരു വാഹനത്തിലെ അക്രമികള്‍ നടി സഞ്ചരിച്ച കാറില്‍ കയറുകയും മണിക്കൂറുകളോളം ഉപദ്രവിക്കുകയും,പിന്നീട് ഇറക്കി വിടുകയും ചെയ്ത സംഭവം ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍, ഈ അനുഭവം ഒരു സിനിമാ നടിക്ക് ഉണ്ടായത് കൊണ്ടാകാം, പ്രതികരിക്കാന്‍ സംവിധായകര്‍ മുതല്‍ രാഷട്രീയ പ്രവര്‍ത്തകര്‍ വരെയും ഇടപെടാന്‍ മുഖ്യമന്ത്രി വരെയുള്ളവരും മുന്നോട്ടു വന്നപ്പോള്‍ നമ്മുടെ പോലീസ് ‘യഥാര്‍ത്ഥ പോലീസായി’ എന്നതാണ് വാസ്തവം. അക്രമികളില്‍ 3 പേരെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പിടികൂടാനായതും, കേരള പോലീസിന്റെ പ്രശംസനീയമായ മിടുക്ക് തന്നെ. ആള് വില കല്ല് വില’ എന്ന പഴമൊഴി എത്ര ശരിയാണ്!.

ഈ ആത്മാര്‍ത്ഥത നമ്മുടെ നാട്ടിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉണ്ടാകാറില്ല എന്നതാണ് മറ്റൊരു വശം. ശബ്ദം ഉയര്‍ത്താന്‍ കൂടെ കാര്യമായ ആളുകള്‍ ഉണ്ടാവുമ്പോള്‍,ഊര്‍ജ്ജസ്വലരായി പണിയെടുക്കുന്ന അധികൃതര്‍ എല്ലാ കാലത്തും ഈ ആത്മാര്‍ത്ഥത കാണിക്കുകയാണെങ്കില്‍ നമ്മുടെ നാട് രക്ഷപ്പെട്ടേനെ!. വാലാട്ടികളും എറാന്‍മൂളികളുമായ ഉദ്യോഗസ്ഥന്മാരാണ് നമ്മുടെ നാടിന്റെ എന്നത്തെയും ശാപം. ഇവര്‍ എന്നും സ്വാര്‍ത്ഥ താല്‍പര്യക്കാരുമായിരിക്കും. ഇക്കൂട്ടരെ നമുക്ക് എന്നാണാവോ നിലക്ക് നിര്‍ത്താന്‍ സാധിക്കുക?. എറണാകുളത്ത് നടിക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ തിരുവനന്തപുരത്തെ മേഘാലയ സ്വദേശിനിയായ യുവതിക്ക് ആസാമില് നിന്നും കേരളത്തിലേക്ക് വരുമ്പോള്‍ ട്രെയിനില്‍ മലയാളിയായ സൈനികനില്‍ നിന്നുണ്ടായ അനുഭവം വേദനാജനകവും ലജ്ജാവഹവുമാണ്. ഈ യുവതിക്കും എത്രയും പെട്ടെന്ന് നീതി ലഭിച്ചെങ്കില്‍…