ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ്(82) അന്തരിച്ചു. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുനു അന്ത്യം. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനായിരുന്നു ബര്‍ട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡില്‍ ബര്‍ട്ട് നിറഞ്ഞുനിന്നത്. 1997-ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച റെയ്‌നോള്‍ഡ്‌സിന് പറ്റിയ ഒരു പരിക്കാണ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് എത്തിച്ചത്.
1950-ല്‍ അഭിനയം തുടങ്ങിയെങ്കിലും 72 ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് ഹിറ്റായത്. ചിത്രം മൂന്ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. 77-ല്‍ പുറത്തിറങ്ങിയ സ്‌മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അദ്ദേഹം അന്നത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു. അസാമാന്യമായ അഭിനയ പാടവത്തിലൂടെ അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരങ്ങളും നേടാനായിരുന്നു.
