ഹേ മനുഷ്യാ…അറിയുക, കുരങ്ങിന്‍ മനസ്സ് നിന്നേക്കാള്‍ എത്രമേല്‍ സ്‌നേഹഭരിതം!

  • Post category:news
  • Reading time:1 min read
You are currently viewing ഹേ മനുഷ്യാ…അറിയുക, കുരങ്ങിന്‍ മനസ്സ് നിന്നേക്കാള്‍ എത്രമേല്‍ സ്‌നേഹഭരിതം!

ലണ്ടന്‍:  ചലനമറ്റ ‘കുട്ടി കുരങ്ങിനെ’ പലവട്ടം തൊട്ടും തലോടിയും സ്‌നേഹ വാത്സല്യങ്ങളോടെ അമ്മ കുരങ്ങന്‍മാരും അച്ഛന്‍ കുരങ്ങന്‍മാരും
നെഞ്ചോട് ചേര്‍ത്ത് വെച്ചു. തട്ടി വിളിച്ചിട്ടും മുട്ടി വിളിച്ചിട്ടും അവനില്‍ നിന്ന് (അവളില്‍ നിന്ന്) യാതൊരു പ്രതികരണവും കിട്ടാതെ വന്നപ്പോള്‍ കുരങ്ങിന്‍ കൂട്ടമാകെ സങ്കടം കൊണ്ട് വീര്‍പ്പുമുട്ടി. അരുമക്കുഞ്ഞിന് എന്തുപറ്റി ഈശ്വരാ, ഒരുമിണ്ടാട്ടവും ഉരിയാട്ടവുമില്ലല്ലോ? അവര്‍ വിഷാദപൂര്‍വ്വം അന്യോന്യം മുഖാമുഖം നോക്കി, ഒന്നും പിടികിട്ടാതെ കുന്തിച്ചിരുന്നു. കുരങ്ങന്മാരുടെ പെരുമാറ്റരീതികളും വൈകാരിക പ്രകടനങ്ങളും മാനസിക ഭാവങ്ങളും നിരീക്ഷിക്കാനായി കൊണ്ടുവെച്ച ഒരു ഡമ്മി കുരങ്ങ് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ അതിന് ജീവന്‍ നഷ്ടമായി എന്നുകരുതി സങ്കടപ്പെടുന്ന കുരങ്ങിന്‍ കൂട്ടത്തതിന്റെ ഈ വീഡിയോ ദൃശ്യം നമ്മുടെ കണ്ണ് നനയിപ്പിക്കാന്‍ പോന്നതാണ്. പ്രമുഖ വിദേശ വാര്‍ത്താ മാധ്യമ സ്ഥാപനമായ ബിബിസിയാണ് കൗതുകമാര്‍ന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിക്കാട്ടിയത്. കാട്ടിലെ മരക്കൊമ്പില്‍ സ്ഥാപിച്ച കുട്ടികുരങ്ങന്റെ പാവ മുതിര്‍ന്ന ഒരു കുരങ്ങന്റെ കൈയില്‍ തട്ടി അബദ്ധത്തില്‍ നിലത്തുവീണു. തുടര്‍ന്ന്, അനക്കമറ്റു കിടക്കുന്ന ആ ഡമ്മിക്കുരങ്ങിനെ മറ്റ് എല്ലാ കുരങ്ങുകളും ചേര്‍ന്ന് വാരിയെടുത്ത് ഉമ്മ വയ്ക്കുകയും തലോടുകയും വാരി പുണരുകയും ചെയ്യുന്ന സ്‌നേഹാര്‍ദ്രമായ രംഗം രസാവഹമാണ്. കുട്ടി കുരങ്ങന്‍ ചത്തുപോയതെന്ന് കരുതി അവര്‍ പരസ്പരം കെട്ടിപിടിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ വികാരം മനസിലാക്കുന്നതിനായി ‘സ്പൈ ഇന്‍ ദി വൈല്‍ഡ്’ എന്ന സീരീസിനു വേണ്ടി ബിബിസി തന്നെയാണ് കാടിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഇത്തരം ഡമ്മി മൃഗങ്ങളിലൂടെ നിരീക്ഷണം നടത്തി വരുന്നത്. അതിന് മികച്ച പ്രതികരണമാണ് കാട്ടിലെ മൃഗങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

0Shares