ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: പൃഥ്വിരാജ്, കമല്‍ പാര്‍വ്വതിമാര്‍ മിണ്ടുന്നില്ല; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: പൃഥ്വിരാജ്, കമല്‍ പാര്‍വ്വതിമാര്‍ മിണ്ടുന്നില്ല; വിമർശനവുമായി ശോഭ സുരേന്ദ്രന്‍

സിനിമ രംഗത്തുള്ളവര്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം ഹേമ കമ്മീഷന്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പൃഥ്വിരാജും കമലും പാര്‍വ്വതിമാരും മിണ്ടുന്നില്ലെന്ന് ശോഭ പറയുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ തെരുവില്‍ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത താരങ്ങളുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്‍റെ കാര്യത്തില്‍ വെളിപ്പെട്ടു കാണുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ശോഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത്ര ഗുരുതരമായ വിഷയം കണ്മുന്നില്‍ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികളേക്കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത ‘കാസ്റ്റിങ് കൗച്ചു’ കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടാമെന്ന് സര്‍ക്കാര്‍ കരുതരുത്. അതിന്‍റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടണം.

തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പലരും മടിച്ചെന്നും ഭയംകൊണ്ടാണ് അതെന്നും റിപ്പോര്‍ട്ടിലുണ്ട് എന്നും സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നും കണ്ടെത്തലുകള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് അറിയിച്ചത്. കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാര നിര്‍ദേശങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.

സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്‍റെ കാരണവും റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരും.

0Shares