
ട്രിച്ചി: ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസുകാരന്‍ സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നും വീണ ഗര്‍ഭിണി മരിച്ചു. മൂന്നു മാസം ഗർഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപകഅക്രമം. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഭർത്താവ് രാജ ചികിത്സയിലാണ്.

ഉഷ സ്കൂട്ടറില്‍ ഭർത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പോലീസ് കൈകാണിച്ചപ്പോള്‍ നിർത്താതെ പോയി. തുടർന്ന് മറ്റൊരുബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പോലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു.
തുടർന്ന് പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂർ പാത ഉപരോധിച്ചു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി. പോലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തി വീശി. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.തുടർന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ്. പി അറിയിച്ചതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്.
