
ന്യൂഡൽഹി: ഹിമാലയൻ മലനിരകളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന സാങ്കൽപ്പിക ഭീമൻ ഹിമക്കരടി ‘യെതി’യുടെ പാദമുദ്രകൾ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ സൈന്യം. ഇന്നലെ യെതിയുടേതെന്നു ചൂണ്ടിക്കാട്ടി മഞ്ഞിലെ കാൽപ്പാടുകളുടെ ദൃശ്യങ്ങൾ സൈന്യം ഒഫീഷ്യല്‍ അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. അതിനപ്പുറമുള്ള തെളിവുകളൊന്നും പുറത്തുവിടാൻ സൈന്യത്തിനു കഴിഞ്ഞില്ല. നേപ്പാളിലെ മക്കാലു ബേസ് ക്യാന്പിനു സമീപത്തുനിന്ന് മൗണ്ടനീയറിംഗ് എക്പെഡീഷൻ സംഘം കണ്ടെത്തിയത് എന്ന പേരിലാണ് കാൽപ്പാടുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
പുറത്തുവിട്ട ചിത്രത്തിലെ കാല്‍പ്പാടുകള്‍ക്ക് 32ഃ15 ഇഞ്ച് അളവാണ് സൈന്യം നൽകുന്നത്. ദുരൂഹമായ ഈ കാൽപ്പാടുകൾ യെതിയുടേതാണെന്ന് സൈന്യം അവകാശപ്പെടുന്നു. മക്കാലു ബാരുണ്‍ ദേശീയോദ്യാനത്തിനു സമീപവും ഒരിക്കൽ ഇതിനെ കണ്ടതായി സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നു. സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ ഒരു കാൽപ്പാടിന്റെ ദൃശ്യം മാത്രമാണുള്ളത്.

ഹിമാലയൻ മലനിരകളിൽ കയ്യിലൊരു കൂറ്റൻ കല്ലായുധവുമായി ചുറ്റിത്തിരിയുന്ന യെതി എന്ന ഭീമന്റെ ദുരൂഹ കഥകൾക്ക് നിരവധി വർഷത്തെ പഴക്കമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ് യെതിയെന്ന ഭീമൻ മനുഷ്യനെപ്പറ്റിയുള്ള വാർത്തകൾ പുറംലോകമറിഞ്ഞു തുടങ്ങിയത്. ഹിമാലയത്തിലെത്തിയ സാഹസിക യാത്രികരിലൂടെയായിരുന്നു അത്. യെതി വർഷങ്ങളായി ഹിമാലയത്തിൽ ജീവിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു അവിടത്തെ ബുദ്ധഭിക്ഷുക്കൾ.
വിസിലടിക്കുന്നതു പോലുള്ള ശബ്ദവും പുറപ്പെടുവിച്ച് മഞ്ഞിലൂടെ നടക്കുന്ന യെതിയെ എവറസ്റ്റ് യാത്രികരും പലപ്പോഴും കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെ വരെ തന്റെ പൂർവികർ യെതിയെ നേരിട്ടു കണ്ടിട്ടുള്ള കാര്യം പങ്കുവച്ചിട്ടുണ്ട്. എന്നാൽ തുടർന്ന് നടത്തിയ പര്യവേഷണങ്ങളിലൊന്നും യെതിയുടെ തെളിവുകൾ കണ്ടെത്താനായില്ല.
