
കൊച്ചി: ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത് നിറുത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറായി എം.ജി.രാജമാണിക്യത്തെ നിയമിച്ച നടപടിയും കോടതി റദ്ദാക്കി. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

അതേസമയം, വിധി പരിശോധിച്ച ശേഷം നിയമപരമായി നീങ്ങുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു . ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും കോടതി വിധി തിരിച്ചടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 38,171 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ അന്വേഷിക്കണം, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികളുടെ പരിഗണനയിലാണ് കോടതി ഉത്തരവ് ഇറക്കിയത്. വിധിയില്‍ ദുഃഖമെന്ന് കേസിലെ മുന്‍ പ്ലീഡര്‍ അഡ്വക്കേറ്റ് സുശീല ഭട്ട് അറിയിച്ചു. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണ് ഇതെന്നും സുശീല ഭട്ട് കൂട്ടിച്ചര്‍ത്തു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. വ്യാജരേഖ ചമച്ച് ഹാരിസണ്‍ കൈവശപ്പെടുത്തിയ ഭൂമി മറ്റു പലര്‍ക്കും വിറ്റെന്നും ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. ഹാരിസണ്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചു പിടിക്കാന്‍ എം.ജി രാജമാണിക്യത്തെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
