ഹാദിയ അവകാശലംഘനം നേരിടുന്നു; കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഹാദിയ അവകാശലംഘനം നേരിടുന്നു; കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്

തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തിലാണ് കമ്മീഷന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഗംകീരം തേടുമെന്ന് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു. ഹാദിയ അവകാശലംഘനം നേരിടുകയാണെന്നും സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് വിവിധ വിഭാഗങ്ങളില്‍പെട്ട വനിതാ സംഘടനകള്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു. ജനകീയമായി ഒപ്പിട്ട നിവേദനങ്ങളും കമ്മീഷന് ലഭിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലുമായും കമ്മീഷന്റെ സ്റ്റാന്റിങ് കൗണ്‍സലുമായി ശനിയാഴ്ച വൈകുന്നേരം ജോസഫൈന്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം.ഹാദിയ കേസില്‍ സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്നും നിലവിലെ സാമൂഹിക സാഹചര്യം കലുഷിതമാവാതിരിക്കാനാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷന്‍ കോടതിയുടെ അനുമതി തേടും. മാത്രമല്ല, ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാനിരിക്കേയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിച്ചത്. കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണു കേസ് പരിഗണിക്കുന്നത്.

 

0Shares