തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ സംസ്ഥാനത്ത് പരക്കെ അക്രമം. മലപ്പുറം തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് ഇന്നലെ അര്‍ധരാത്രി തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. പാലക്കാട് വെണ്ണക്കരയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെആക്രമണമുണ്ടായി. കാസര്‍കോട് നീലേശ്വരത്ത് ബി.ജെ.പി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിനു പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. പാലക്കാടും തൃശ്ശൂരും കാസര്‍കോട്ടും കണ്ണൂരും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബംഗലൂരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളില്‍ ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബംഗലൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു.
അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മ (64) തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചു. ദീര്‍ഘനാളായി ആര്‍.സി.സി യിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുന്നേ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് നേരെ അക്രമം; പൊലീസ് ജീപ്പടക്കം വാഹനങ്ങള്‍ തകര്‍ത്തു