ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും; ഡി.ജി.പി

  • Post category:news
  • Reading time:1 min read
You are currently viewing ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും; ഡി.ജി.പി

തിരുവനന്തപുരം: ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഡിജി.പി ലോക് നാഥ് ബഹറെ അറിയിച്ചു. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ..എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കും. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തും.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

0Shares