പാലക്കാട്: മുസ്ലീം ലീഗ് ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് വ്യാപക അക്രമം. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ കടന്നുപോയ മുഴുവന്‍ വാഹനങ്ങളും ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. മണ്ണാര്‍ക്കാടിനും കല്ലടിക്കോടിനും ഇടയ്ക്ക് ഭീതിജനകമായ അന്തരീക്ഷം ഉണ്ടായിട്ടും പൊലീസിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സ്ത്രീകളും കുട്ടികളുമായെത്തുന്ന സ്വകാര്യവാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചിലര്‍ യാത്രക്കാര്‍ക്കുനേരെ ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു. എണ്ണത്തില്‍ വളരെ കുറവായതിനാല്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പലയിടത്തും വാഹനങ്ങള്‍ ഏറെനേരം കുടുങ്ങി. തിങ്കളാഴ്ച രാവിലെ ആറുമണിക്കുതന്നെ കല്ലും കമ്പിയും ആയുധങ്ങളുമായി ഹര്‍ത്താലനുകൂലികള്‍ റോഡിലിറങ്ങിയിരുന്നു.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മുസ്ലീം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം കുത്തിക്കൊന്ന സംഭവത്തില്‍ അഞ്ച് പ്രതികളുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുന്തിപ്പുഴ സ്വദേശികളായ മുഹമ്മദ് ബഷീര്‍,റാഷിദ്,സുബഹാന്‍,അജീഷ്,ഷെര്‍ബില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള അഞ്ച് മുറിവുകളാണ് സഫീറിന്റെ മരണകാരണമെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിലെ പ്രതികളെല്ലാം നേരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകരായിരുന്നു പിന്നീടാണ് ഇവര്‍ ലീഗ് വിട്ട് സിപിഐയില്‍ ചേര്‍ന്നത്.
ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് വ്യാപക അക്രമം; കുത്തിക്കൊന്ന സംഭവത്തില്‍ അഞ്ച് പ്രതികളുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി