
റിയാദ്: പുണ്യസ്ഥലങ്ങള്‍ അന്താരാഷ്ട്രവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ ശത്രുവിന്റെ കളത്തില്‍ ഖത്തറും സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് വിദേശമന്ത്രി ആദില്‍ അല്‍ജുബൈര്‍. വിശുദ്ധ ഹജ്ജ് കര്‍മ്മവും ഗള്‍ഫിലെ പ്രതിസന്ധിയില്‍ രാഷ്ട്രീയ വത്ക്കരിക്കാനാണ് ഖത്തർ ശ്രമിക്കുന്നത് എന്നാണ് സൗദി ആരോപിക്കുന്നത്. ഖത്തറിന്റെ പുതിയ ആവശ്യം സൗദി അറേബ്യക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് വിദേശമന്ത്രി ആദില്‍ അല്‍ജുബൈര്‍ പ്രതികരിച്ചു. ഖത്തര്‍ പ്രതിസന്ധി വിശകലനം ചെയ്യാന്‍ മനാമയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി. നേരത്തെ ഇറാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഇറാനുമായി സഹകരിച്ച ഏത് രാജ്യത്തിനും നാശം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഹജ്ജ് നിര്‍വഹിക്കുന്നതില്‍നിന്ന് ഖത്തര്‍ പൗരന്മാരെ തടഞ്ഞിരിക്കുകയാണ്. ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ സഹായവും നല്‍കിയ ചരിത്രമാണ് സൗദി അറേബ്യക്കുള്ളത്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം അംഗീകരിക്കില്ല. ലോകത്തിന്റെ ഏതുഭാഗുള്ള മുസ്ലിംകളെയും പുണ്യസ്ഥലങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. അതുപോലെ ഖത്തര്‍ പൗരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിന്റെ നയങ്ങളാണ് ഖത്തറിനെതിരായ നടപടിക്ക് കാരണം. റിയാദ് കരാര്‍ ഖത്തര്‍ നടപ്പാക്കിയിട്ടില്ലെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
