മധ്യപ്രദേശ്: സൗഹൃദ ദിനത്തില്‍ പതിനഞ്ചുകാരന്‍ തന്റെ സുഹൃത്തുക്കളോട് സ്‌നേഹം പ്രകടിപ്പിച്ചത് അച്ഛന്റെ പണം മോഷ്ടിച്ച് കൊണ്ട്. അച്ഛന്‍ വസ്തു വിറ്റ് കിട്ടിയ 46 ലക്ഷം രൂപയാണ് സൗഹൃദദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങിയും ചിലവഴിച്ചത്. കഴിഞ്ഞ ആഴ്ച ജബല്‍പുരിലാണ് സംഭവം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അയല്‍വാസിയായ കുട്ടിക്ക് 15 ലക്ഷം രൂപയും തന്റെ ഗൃഹപാഠം ചെയ്തുതന്ന മറ്റൊരു സുഹൃത്തിന് മൂന്നു ലക്ഷം രൂപയുമാണ് കുട്ടി നല്‍കിയത്. ജബല്‍പുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപയില്‍ നിന്ന് 46 ലക്ഷം വീട്ടിലെ അലമാരയില്‍ നിന്ന് നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ പണം സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസുകാരന്‍ വാങ്ങിക്കൊടുത്തത്. എടുത്ത 45 ലക്ഷത്തില്‍ പതിനാലു ലക്ഷം രൂപയും സമ്മാനങ്ങള്‍ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്‍കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു. അതേസമയം 15 ലക്ഷം രൂപ കിട്ടിയ കുട്ടിയെ കാണാതായി. കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ച് നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബല്‍പുര്‍ പോലീസ്. കുട്ടി പണം നല്‍കിയ സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള മാര്‍ഗം കണ്ടെത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടു.
സൗഹൃദദിനത്തില്‍ പതിനഞ്ചുകാരന്‍ സുഹൃത്തുക്കളെ സന്തോഷിപ്പിച്ചത് ഇങ്ങനെ