റിയാദ്: സൗദിയിലെ അല്‍ ഹസയില്‍ അല്‍ അയൂനി മരുഭൂമിക്ക് സമീപം റോഡരികില്‍ മലയാളി ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടില്‍ കുഴിച്ചാല്‍ മൊയ്തുവിന്റെ മകന്‍ കുഞ്ഞബ്ദുല്ല (38), വില്ല്യാപ്പളളി കുനിങ്ങാട് മണ്ണിരോലി മീത്തല്‍ ഹൗസ് ഇബ്രാഹിം ഹാജിയുടെ മകള്‍ റിസ്വാന (30) എന്നിവരാണ് മരിച്ചത്. റിസ്വാനയുടെ കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയ നിലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് 15 മീറ്റര്‍ അകലെയാണ് കുഞ്ഞബ്ദുല്ലയുടെയും മൃതദേഹം കണ്ടെത്തിയത്. അല്‍ ഹസയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറായ കുഞ്ഞബ്ദുല്ല മൂന്ന് മാസം മുമ്പാണ് റിസ്വാനയെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നത്. ഞായറാഴ്ച ഇവര്‍ ദമാമിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തിങ്കളാഴ്ച കുഞ്ഞബ്ദുല്ലക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ഫോണില്‍ ഇവരെ കിട്ടാതായതോടെ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് തിങ്കളാഴ്ച വൈകീട്ടാണ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗദിയിലെ അല്‍ അഹ്‌സയിലെ അയൂണില്‍ വിജനമായ മരുഭൂമിയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ കാണാതായ മലയാളി ദമ്പതികള്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത