സൗദി അറേബ്യയിലെ തിളച്ച വെള്ളം ഒഴുകുന്ന തോട് അല്‍ഭുതമാകുന്നു; 35 ഓളം രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായാണ് ഇവിടെ സന്ദര്‍ശകരൊഴുകിയെത്തുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing സൗദി അറേബ്യയിലെ തിളച്ച വെള്ളം ഒഴുകുന്ന തോട് അല്‍ഭുതമാകുന്നു; 35 ഓളം രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായാണ് ഇവിടെ സന്ദര്‍ശകരൊഴുകിയെത്തുന്നത്

ജിദ്ദ: സൗദി അറേബ്യയില്‍ തിളച്ച വെള്ളം ഒഴുകുന്ന തോട് അത്ഭുതമാവുന്നു. അല്‍ ലൈത്ത് എന്ന പ്രദേശത്തെ ഈ പ്രതിഭാസം. ഇത് കാണാനും അനുഭവിക്കാനും അനേകം സന്ദര്‍ശകരാണെത്തുന്നത്. പ്രകൃതിയുടെ വികൃതികള്‍ കൊണ്ട് ശ്രദ്ധേയമായ ഇവിടെ നിന്നും ശരീരത്തിന് ആവിപിടിക്കുന്നതും കുളിക്കുന്നതും വിവിധ രോഗങ്ങളുടെ ശമനത്തിന് കാരണമാവുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ജിദ്ദയില്‍ നിന്നും ജിസാന്‍ റോഡില്‍ 250 കിലോമീറ്റര്‍ അകലെ അല്‍ ലൈത്ത് എന്ന പ്രദേശത്താണ് പ്രകൃതിയുടെ ഈ അപൂര്‍വ കാഴ്ച. മരുഭൂമിയില്‍ നിന്നും പുറത്തേക്കൊഴുകുന്ന ചുട്ടുപൊള്ളുന്ന വെള്ളം. 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വെള്ളത്തിന് ചൂട്. ശരീരത്തിന് ആവി പിടിക്കാനും ചുടുവെള്ളത്തില്‍ കുളിക്കാനുമൊക്കെയായി സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഇവിടം സന്ദര്‍ശിക്കുന്നത്. ഏകദേശം 35 ഓളം രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ഈ ചുടുവെള്ളത്തില്‍ നിന്നുള്ള കുളിയും ആവിപിടുത്തവുമെന്നാണ് ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ പറയുന്നത്. വിവിധ ചര്‍മ രോഗങ്ങള്‍ക്കും വാദരോഗങ്ങള്‍ക്കും ഏറ്റവും നല്ല ചികിത്സയാണിതെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്. കാല്‍സ്യം, സോഡിയം ബയോകാര്‍ബൊണെറ്റ്, ഫോസ്ഫറസ് തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അളവ് വെള്ളത്തില്‍ കൂടുതലാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പഴയ കാല അഗ്‌നിപര്‍വത പ്രദേശങ്ങളായിട്ടാണ് ഈ ഭാഗങ്ങള്‍ അറിയപ്പെടുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 10 ഓളം ഇത്തരത്തിലുള്ള ചൂടുവെള്ള ഉറവകളുണ്ടെന്നാണ് കണക്ക്.

0Shares