
സൗദിയിൽ എഞ്ചിനിയർമാർക്കും കൂട്ടത്തോടെ തൊഴിൽ നഷ്ടപ്പെടുന്നു. സൗദി സർക്കാരിന്‍റെ തൊഴിൽ നിയമപരിഷ്കരണങ്ങളിലൂടെ നൂറുകണക്കിനു എഞ്ചിനിയർമാർ തൊഴിൽ തുടരാനാവാതെ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണു മാസം ശരാശരി 300 വിദേശി എഞ്ചിനീയർമാർ തൊഴിൽ നഷ്ടപ്പെട്ടു മാതൃരാജ്യങ്ങളിലേക്കു മടങ്ങുന്നതായാണു റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം ജൂൺ വരെ 18,749 എഞ്ചിനീയർമാർ രാജ്യം വിട്ടതായും സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് പത്രക്കുറിപ്പ്ലൂടെ അറിയിച്ചു. നിലവിൽ സൗദിയിൽ എഞ്ചിനീയേഴ്‌സ് കൗൺസിൽ രജിസ്‌ട്രേഷനുളള 1.3 ലക്ഷം വിദേശി എഞ്ചിനീയർമാരാണുളളത്. കഴിഞ്ഞ വർഷം ഇത് 1.49 ലക്ഷമായിരുന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.68 ലക്ഷം എഞ്ചിനീയർമാരാണ് രാജ്യത്തുളളത്. ഇപ്പോൾ പുതുതായി തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാത്തതുകൊണ്ട് ആറു മാസത്തിനിടെ 170 എൻജിനീയറിംഗ് ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ചതായും സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.

എഞ്ചിനിയർ തസ്തികയിലുളള വിസയിൽ രാജ്യത്തു വരുന്ന വിദേശികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സൗദി എഞ്ചിനിയേഴ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ നേടണം. രാജ്യത്ത് ജോലി ചെയ്യുന്ന എഞ്ചിനീയർമാർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. മാത്രമല്ല പ്രൊഫഷണൽ ടെസ്റ്റ്, അഭിമുഖം എന്നിവ വിജയിക്കുകയും വേണം. അതുകൊണ്ടുതന്നെ നിരവധി വിദേശികളായ എഞ്ചിനീയർമാർ രാജ്യം വിടാൻ നിർബന്ധിതരായി. അതേസമയം, ചുരുങ്ങിയത് അഞ്ചു വർഷം പ്രവൃർത്തി പരിചയമുളള വിദേശ എൻഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്താൽ മതിയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോൾ പാസായി ഇറങ്ങുന്നവർക്കൊന്നും തൊഴിൽ സാധ്യതയില്ല എന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണു. മാത്രമല്ല യൂറോപ്പിൽ നിന്നും വരുന്ന എഞ്ചിനിയർമാർക്കാണു സൗദിയിൽ പ്രിയം എന്നാണു വിവിധ കമ്പനികളുടെ പ്രതിനിധികൾ പറയുന്നത്.
