റിയാദ്: സൗദി അറേബ്യയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ടു മലയാളികള്‍ മരിച്ചു. ജിദ്ദയില്‍ ലിഫ്റ്റ് കണ്‍വെയര്‍ ദേഹത്തേക്ക് വീണു മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കല്‍ ഹാരിസ്(28) മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. സാധനങ്ങള്‍ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കണ്‍വയര്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടയില്‍ മുകളില്‍നിന്നും ദേഹത്ത് പതിക്കുകയായിരുന്നു. സനാഇയയിലെ ബിന്‍സാഗര്‍ കമ്പനിയില്‍ മെഷീന് ഓപ്പറേറ്റര്‍ ആയിരുന്നു. 9 വര്‍ഷങ്ങളായി സൗദിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സജീവ പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വളണ്ടിയര്‍ സേവനത്തിനു മുന്‍നിരയിലുണ്ടായിരുന്നു ഹാരിസ്. രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയത്. അടുത്ത മാസം ഭാര്യയെയും ഒന്നര വയസുള്ള മകളെയും ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.
ഹായില്‍-റിയാദ് ഹൈവേ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മറ്റൊരു മലയാളിയുടെ മരണം. കണ്ണൂര്‍ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി മീത്തലെപുരയില്‍ അബ്ദുല്‍ റസാഖ് (42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ മറിഞ്ഞായിരുന്നു അപകടം. ഹായിലില്‍ ദാറുഷമാല്‍ എന്ന പേരില്‍ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം തുമീര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ജിദ്ദയില്‍ മറ്റൊരു യുവാവ് ഷോക്കേറ്റു മരിച്ചിരുന്നു. മലപ്പുറം തുവ്വൂര്‍ സ്വദേശി പുത്തൂര്‍ നിയാസ് ആയിരുന്നു മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാളെ നാട്ടിലേക്കു കൊണ്ടു പോവും.
സൗദിയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മലയാളികള്‍ മരിച്ചു