റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. റബജ് ഒന്നുമുതല്‍ (മാര്‍ച്ച് 29) റമദാന് അവസാനം വരെയാണ് പൊതുമാപ്പ് കാലയാളവ്. ഇവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. നാട്ടിലേക്ക് പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേയ്ക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നിയമ ലംഘരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് മൂന്ന് മാസത്തെ ക്യാംപെയിന് നടത്തുന്നത്. സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. തൊഴില്‍, ഇഖാവ് നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ നടത്തും. സൗദിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് ലക്ഷക്കണക്കിനാളുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.