
തിരുവനന്തപുരം: സൗജന്യങ്ങള്‍ അവസാനിപ്പിക്കാതെ കെ. എസ്ആര്‍ടി. സിയെ രക്ഷിക്കാനാകില്ലെന്ന് പുനസംഘടനയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പ്രഫ. സുശീല്‍ഖന്ന അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ചുകൊണ്ട് സൗജന്യ യാത്രകൾ അവസാനിപ്പിക്കാൻ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
സ്വാതന്ത്ര്യസമര സേനാനി, അവരുടെ വിധവ, അന്ധര്‍, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ (സംസ്ഥാനതലം, ജില്ലാതലം), എംഎല്‍എ, എംപി, മുന്‍ എംഎല്‍എ, എംപി, അര്‍ജുനദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍, കബീര്‍ പുരസ്‌കാര ജേതാക്കള്‍, ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,അക്രഡിറ്റഡ് ജേണലിസ്റ്റ്, പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണു നിലവിൽ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 35,341 സ്ഥിരം ജീവനക്കാര്‍ക്കും 8,549 താല്‍ക്കാലിക ജീവനക്കാര്‍ക്കും 38,561 പെന്‍ഷന്‍കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി സൗജന്യയാത്രയും അനുവദിച്ചിട്ടുണ്ട്. കെ. എസ്ആര്‍ടി. സിയുടെ വരവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം 79 കോടിയാണ്.

വിദ്യാര്‍ഥികള്‍ ഒഴികെയുള്ള വിഭാഗങ്ങളുടെ സൗജന്യ യാത്രകള്‍ക്കു മാത്രം കെ. എസ്ആര്‍. ടിസി കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് 120.79 കോടിരൂപയാണ്, വിദ്യാര്‍ഥികള്‍ക്കായി 105 കോടിരൂപയും ചെലവഴിച്ചു.യാത്രാ സൗജന്യങ്ങള്‍ നല്‍കി സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്ന സന്ദേശമാണ് കോര്‍പറേഷന്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൗജന്യ യാത്രകള്‍ക്കായി കോര്‍പറേഷന്‍ ചെലവഴിച്ച പണം ഇതു വരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും, ഇത് എത്രയും വേഗം നല്‍കണമെന്നും ആവശ്യപ്പെട്ട് കോര്‍പറേഷന്‍ സര്‍ക്കാരിനു കത്തും നല്‍കി.
