
തിരുവനന്തപുരം: നഷ്ടത്തിൽനിന്ന് കരകയറാൻ മിന്നൽ ബസ് പരീക്ഷണത്തിന് പിന്നാലെ വാടക ബസ് ആശയവുമായി സ്‍കാനിയ ബസ് വാടകയ്ക്ക് എടുത്ത് സർവ്വീസ് നടത്താനുളള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തെ ചൊല്ലി തർക്കം. 100 സ്കാനിയ ബസുകളാണ് ഡ്രൈവർ അടക്കം വാടകയ്ക്കെടുക്കുന്നത്. ഡീസൽ കെ.എസ്ആർ.ടി.സി അടിക്കും. കിലോമീറ്ററിന് ശരാശരി 27രൂപ വാടകയായി നൽകണം.

ബസ് വാങ്ങാനുള്ള വൻതുക ലാഭിച്ച് വാടക്കെടുത്ത് ആളെ കയറ്റി പണമുണ്ടാക്കാനുള്ള ആശയം മണ്ടത്തരമാണെന്നാണ് സിപിഐ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയന്റെ നിലപാട്. കോൺഗ്രസ് സംഘടന ടി.ഡി.എഫും സി.പി.ഐ സംഘടനക്കൊപ്പം എതിർക്കുന്നു. എന്നാല്‍ ലാഭകരമായ ആശയമെന്നാണ് മാനേജ്മെന്റിന്റെയും സി.പി.എം അനുകൂല സംഘടനയുടെയും വാദം.
പുതിയ സ്കാനിയ വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് വാടകവണ്ടിയെന്ന്കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെലവ് കണക്കാക്കുമ്പോൾ കിലോമീറ്ററിന് ചുരുങ്ങിയത് 5 രൂപയെങ്കിലും ലാഭമുണ്ടാകും. കൂടാതെ, അറ്റകുറ്റപ്പണിയും സ്കാനിയ നേരിട്ട് നടത്തും.
