സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സൗജന്യ കൈത്തറി യൂണിഫോം ജയിലുകളില്‍ നിര്‍മിക്കും

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സൗജന്യ കൈത്തറി യൂണിഫോം ജയിലുകളില്‍ നിര്‍മിക്കും


തിരുവനന്തപുരം: കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളുടെ സഹകരണത്തോടെ പുതിയ അധ്യയനവര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സൗജന്യ കൈത്തറി യൂണിഫോം ജയിലുകളില്‍ നിര്‍മിക്കും. വ്യവസായവകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. ഹാന്റ് വീവിന്റെ മേല്‍നോട്ടത്തില്‍ മൂന്നു ജയിലുകളിലും 20 തറികള്‍ വീതം സ്ഥാപിക്കും. അന്തേവാസികള്‍ക്ക് പരിശീലനം നല്‍കി ഈ വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കാന്‍ മന്ത്രി എ. സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. പ്രതിമാസം കുറഞ്ഞത് അയ്യായിരം മീറ്റര്‍ തുണി ജയിലില്‍നിന്ന് ഉല്‍പാദിപ്പിക്കും. ശിക്ഷകഴിഞ്ഞിറങ്ങുന്ന തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ജയില്‍വകുപ്പിന്റെ പദ്ധതിയുമായി സഹകരിച്ചാണ് യൂണിഫോം നിര്‍മാണയൂണിറ്റ് ആരംഭിക്കുന്നത്.

ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുതിയ അധ്യയനവര്‍ഷം സൗജന്യ യൂണിഫോം നല്‍കുക. 23 ലക്ഷം മീറ്റര്‍ തുണി ഇതിനാവശ്യമാണ്. 11.39 ലക്ഷം മീറ്റര്‍ തുണി ഇതിനോടകം ഉല്‍പ്പാദിപ്പിച്ചു. ജയില്‍ അന്തേവാസികളെക്കൂടി ഉള്‍പ്പെടുത്തി ബാക്കി ഉല്‍പ്പാദനം വേഗത്തില്‍ തീര്‍ക്കും. നെയ്ത്ത്‌ജോലി ചെയ്യുന്ന തടവുകാര്‍ക്കുള്ള വേതനം ഹാന്റ്വീവ് നല്‍കും. മാര്‍ച്ചില്‍ നെയ്ത്ത് പൂര്‍ത്തിയാക്കി, ഏപ്രിലില്‍ത്തന്നെ യൂണിഫോം വിതരണം ചെയ്യും. വെള്ള, പച്ച, മെറൂണ്‍ നിറങ്ങളിലുള്ള യൂണിഫോമുകളും ഈ വര്‍ഷം നെയ്യുന്നുണ്ട്. പുതിയ അധ്യയനവര്‍ഷത്തെ യൂണിഫോം നിര്‍മാണത്തിനുവേണ്ടി 63 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികസമ്മാനമായി 2.20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. രണ്ടാംഘടത്തില്‍ 4.4 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നല്‍കും.

0Shares