തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ കോളേജുകള്‍ പെരുകിയതോടെ വിദ്യാഭ്യാസ മേഖല കച്ചവട രംഗമായി മാറിയെന്നും അബ് കാരി കച്ചവടത്തേക്കാള്‍ ലാഭകരമായാണ് ചിലര്‍ സ്വാശ്രയ കോളേജുകളെ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ.കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സദുദ്ദേശ്യത്തോടെയാണ് സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ പില്‍ക്കാലത്ത് അതിനെ തകിടം മറിക്കുന്ന രീതിയിലാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖല പരിണമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിലെ പ്രത്യേക സാഹചര്യങ്ങളുപയോഗിച്ച് നിരവധി സ്ഥാപനങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അവയുടെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് ചൂഷണോപാധിയായി മാറി. ഇതിന്റെയെല്ലാം ഫലമായി നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തളര്‍ന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാഭ്യാസ മേഖല കാലാനുസൃതമായി നവീകരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.