സ്വാശ്രയവും എയ്ഡഡും സാധാരണക്കാരന്റെ സർക്കാരും

  • Post category:news
  • Reading time:1 min read
You are currently viewing സ്വാശ്രയവും എയ്ഡഡും സാധാരണക്കാരന്റെ സർക്കാരും

പ്രിന്‍സ് പീറ്റര്‍ ഒഡേസ

എന്തിനായിരുന്നെന്ന് തിരിഞ്ഞു നോക്കുമ്പോൾ അർത്ഥമില്ലാതെ പോകുന്ന ഒരുപാട് സമരങ്ങളുടെ സ്മരണകൾപോലും മാർക്കറ്റിങിനുവേണ്ടിമാത്രം വിനിയോഗിക്കപ്പെടുന്ന ചുറ്റുപാടിലേയ്ക്ക് മാറ്റപ്പെടുന്ന സമകാലിക സോഷ്യലിസം. നിരവധി ജനകീയപ്രക്ഷോപങ്ങൾക്ക് ചുക്കാൻപിടിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് തിരിഞ്ഞു നോക്കുമ്പോൾ അത്തരം പലസമരങ്ങളും എന്തിന് വേണ്ടിയായിരുന്നുവെന്ന് പോലും ഇന്ന് അറിയാത്ത നിലയിലേക്ക് മാറിയരിക്കുന്നു…

സാധാരണക്കാരായ തൊഴിലാളിവർഗ്ഗത്തിന്റെ വിയർപ്പിലും നിണത്തിലുമുയർന്ന പാർട്ടിക്ക് സാധാരണക്കാരെ മറക്കാൻ കഴിഞ്ഞിരിക്കുന്നു, അടിസ്ഥാനവർഗ്ഗവുമായി യാതൊരുവിധ സഹവർത്തിത്തവുമില്ലാത്തനിലയിൽ, വെറും മുഖംമൂടിയിലൊതുങ്ങുന്ന വർഗ്ഗബോധത്തിലേയ്ക്ക് നേതൃത്വം മാറിയിരിക്കുന്നു. സ്വാശ്രയമെന്നു കേട്ടപ്പോൾത്തന്നെ വാളെടുത്തിറങ്ങിയ നേതൃത്വത്തിന് അടിത്തറയൊന്നടങ്കം പിന്തുണച്ചുവെങ്കിൽ, തെരുവിലിറങ്ങിയെങ്കിൽ, ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സ്മരിച്ചുകൊണ്ട്തന്നെ പറയട്ടെ കൂത്തുപറമ്പ് രക്തസാക്ഷികളെയൊന്നടങ്കം ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന നാമധേയത്തിലുള്ള ഭരണകൂടം ഭീകരമായി അധിക്ഷേപിച്ചിരിക്കയാണ് സ്വാശ്രയമെഡിക്കൽഫീസ് 110000ആക്കിയുയർത്തിയ സർക്കാർ നടപടിയിലുടെയെന്ന് പറയേണ്ടിവരും.

പി. എസ്. സി ലിസ്റ്റുകൾ കാലാവധിയൊടുങ്ങി മറഞ്ഞുപോകുമ്പോൾ എയ്ഡഡ് സ്കൂളുകളിൽ ലക്ഷങ്ങൾ കൊടുത്ത് അദ്ധ്യാപകരെന്ന മുഖംമൂടിയണിയുന്ന പണച്ചാക്കുകൾക്ക് പിന്നെയും ഓശാനപാടുന്ന സർക്കാർ നടപടി. യോഗ്യതകളുടെ കണക്കുകൾ കടലാസിൽ കാലാവധി തീരുമ്പോൾ
ഇത്തരത്തിൽ സർക്കാർശമ്പളവും ആനുകൂല്യങ്ങളും എയ്ഡഡ് അദ്ധ്യാപഹയൻമാർക്കോ പി. എസ്. സി വഴി നിയമിതരായവർക്കോ വ്യത്യാസമേതുമില്ലെന്നു വരുന്നിടത്ത് മാനേജ്മെന്റുകളുടെ വിലപേശലുകൾ ഏതറ്റംവരെപോയാലും അത് കൊടുത്ത് സർക്കാർസർവീസിലേക്ക് ചുളുവിൽ കയറിപ്പറ്റുന്നതിന് ശങ്കകളേയില്ല.

കുറ്റം പറയാനാവില്ല,വിദ്യാഭ്യാസമന്ത്രി, പ്രൊ; രവീന്ദ്രനാഥിന് എയ്ഡഡ് സ്ഥാപനങ്ങൾ നടത്തുന്ന ‘ചെറുകിടകർഷക’രുടെ വേദനകൾ നന്നായറിയാം….! ഇവിടെ സർക്കാർ ആർക്കൊപ്പമാണ്. എന്താണ് ജനകീയത…ജനാധിപത്യം…ആരാണ് തൊഴിലാളി വർഗ്ഗമെന്നും അടിസ്ഥാനവർഗ്ഗമെന്നും പാർട്ടിയും മറന്നിരിക്കുന്നു,സർക്കാരും.

മുപ്പത്തിയഞ്ചുവർഷം തുടർച്ചയായി ഭരിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് ബംഗാളിൽ തൃണമുൽ കോൺഗ്രസിനുമുന്നിൽ പരാജയമറിയുമ്പോൾ പോളിറ്റ് ബ്യൂറോയുടെ കണ്ടെത്തലിൽ സാധാരണക്കാരുടെ വോട്ട് കിട്ടാതെപോയതാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയമെന്ന് കണ്ടെത്തി.
മുപ്പത്തിയഞ്ചുവർഷക്കാലം പാർട്ടിയുടെ സർക്കാർ ബംഗാളിൽ ആർക്കുവേണ്ടിയായിരുന്നുപ്രവർത്തിച്ചതെന്ന ചോദ്യം ബാക്കിയാണ്.

കേരളത്തിലും ഇത്തരമൊരു കണ്ടെത്തലിലേയ്ക്ക് നേതൃത്വം എത്തിച്ചേരാൻ വലിയ കാലതാമസമൊന്നും വേണ്ടിവരില്ലെന്ന് ഈ ഭരണവും വിളിച്ചുപറയുന്നുണ്ട്. ഒരു ഗ്ലാസ്നോസ്റ്റും പെരിസ്ത്രോയിക്കയും കേരളീയമായി ഉരുത്തിരിയുന്നില്ലേ. കാത്തിരുന്നുകാണാം..

0Shares