റാഞ്ചി: സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളികളുമായി ആക്രമിക്കുകയായിരുന്നു. സ്വാമി അഗ്‌നിവേശിന് നേരേ പാഞ്ഞടുത്ത ചില ബി.ജെ.പി. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ച് റോഡില്‍ തള്ളിയിട്ടു. പിന്നീട് റോഡിലിട്ടും മര്‍ദനം തുടര്‍ന്നു. സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.
പരിപാടിയില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച ഉച്ചയോടെയാണ് പകൂരിലെത്തിയത്. അമ്പും വില്ലുമേന്തിയ ഗോത്രവര്‍ഗ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ശേഷം ഹോട്ടലില്‍ നിന്ന് അഗ്‌നിവേശ് പുറത്തേക്ക് വന്നപ്പോള്‍ ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളികളുമായി അഗ്‌നിവേശിനെ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലപ്പാവ് വലിച്ചൂരാനും വസ്ത്രം കീറാനും അക്രമികള്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ നേരിയ പരിക്കേറ്റ അഗ്‌നിവേശിനെ പിന്നീട് ഗോത്ര നേതാക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, തന്നെ ആക്രമിക്കാനുണ്ടായതിന്റെ കാരണം അറിയില്ലെന്ന് അഗ്‌നിവേശ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. താനൊരു സമാധാനകാംഷിയാണെന്നും ഏത് തരത്തിലുള്ള അക്രമങ്ങള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.