മലപ്പുറം: കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ ഏഴുലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഞായറാഴ്ച ഒമാന്‍ എയര്‍വിമാനത്തില്‍ മസ്‌ക്കറ്റില്‍നിന്ന് കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അനസ്(27) എന്ന യാത്രക്കാരനില്‍നിന്നാണ് 232 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ബാഗിനുള്ളിലെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും അലുമിനീയ പാത്രങ്ങള്‍ക്കുള്ളിലും ഷീറ്റുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
അസിസ്റ്റന്റ് കമ്മിഷണ്‍ ഡി.എന്‍. പന്തിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഷാനവാസ്, ദാസ്മല്ലിക്ക്, എസ്.വി.എം അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേനാട്ട്, ദിനേശ്കുമാര്‍, സത്യവേന്ദ്ര സിങ് എന്നിവരുടെ നേത്വത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്.അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നു. നെടുമ്പാശ്ശേരിയില്‍ 1.06 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃത സ്വര്‍ണവുമായി രണ്ടുപേരാണ് പിടിയിലായത്. റിയാദില്‍ നിന്നും കൊച്ചിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നും മൂന്ന് കിലോ സ്വര്‍ണവും കൊളംബോയില്‍ നിന്നും കൊച്ചിയിലേക്കു വന്ന ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തിലെ ശ്രീലങ്കന്‍ സ്വദേശിയില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. മൂന്നു കിലോ സ്വര്‍ണം ഇലക്ട്രോണിക് സാധനങ്ങളുടെ മറവില്‍ 31 പ്ലേറ്റുകളായായും അരക്കിലോ സ്വര്‍ണം യാത്രക്കാരന്റെ ലഗേജില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു.