തിരുവനന്തപുരം: മോഷണ ബൈക്കിലെത്തിയ രണ്ടംഗ സംഘം മധ്യവയസ്‌കയുടെ കഴുത്തില്‍ കിടന്ന മുക്കുപണ്ട മാല പൊട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. ഒരാളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ മറ്റൊരു ബൈക്കും മോഷ്ടിച്ച് കടന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കരമന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മരുതൂര്‍കടവിലെ വിനായക കല്യാണ മണ്ഡപതിന് സമീപമാണ് സംഭവം. നെടുമങ്ങാട് ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി എത്തിയ രണ്ടംഗ സംഘം സുശീല എന്ന മധ്യവയസ്‌കയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കവേ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ഇവരെ ബൈക്കുകളില്‍ പിന്തുടര്‍ന്നു.
തുടര്‍ന്ന് കള്ളന്മാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നാട്ടുകാരുടെ സംഘം സാഹസികമായി തള്ളിയിട്ട് ഒരാളെ കീഴ്പ്പെടുത്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നാട്ടുകാരില്‍ ഒരാളുടെ ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ കുപ്രസിദ്ധ കള്ളന്‍ കുഞ്ഞുമോന്‍ ഷാജിയെ കരമന പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. KL 01 BU 6713 എന്ന യമഹ ക്രക്സ് ബൈക്കിലാണ് കള്ളന്‍ രക്ഷപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു.
സ്വര്‍ണമെന്നു കരുതി ബൈക്കിലെത്തി സംഘം മധ്യവയ്കയുടെ മുക്കുപണ്ടമാല പൊട്ടിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കവേ ഒരാളെ നാട്ടുകാര്‍ പിടികൂടി നന്നായി കൈകാര്യം ചെയ്തു; ഈ തക്കത്തില്‍ ഒപ്പമുണ്ടായിരുന്ന കള്ളന്‍ നാട്ടുകാരൻ്റെ ബൈക്കും മോഷ്ടിച്ചു കടന്നു