
ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവരുടെ പാചക വാതക സബ്സിഡി റദ്ദാക്കാന്‍ നീക്കം. അനധികൃത സബ്സിഡി ഇല്ലാതാക്കാന്‍ പുതിയ പാചക വാതക നയവുമായി മുന്നോട്ട് പോവാനൊരുങ്ങുകയാണ് കേന്ദ്രം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാറുടമകളുടെ പാചക വാതക സബ്സിഡി എടുത്തുകളയുന്നതിനുള്ള ആദ്യ പടി സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍.ടി ഓഫീസുകളില്‍ നിന്ന് വാഹന രജിസ്ട്രേഷന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. മിക്കയാളുകളും ഒന്നോ രണ്ടോ കാര്‍ ഉപയോഗിക്കുന്നവരും അതിനൊപ്പം പാചക വാതക സബ്സിഡി അനുഭവിച്ചുവരുന്നവരുമാണ്. ഇത് ഇനി തുടരേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശം.

രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് തിരിച്ചെത്തിക്കാമെന്നും ഇത് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ കഴിഞ്ഞ വര്‍ഷം പാചക വാതക സബ്സിഡിയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
