തിരുവനന്തപുരം: ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളുടെ ഘോഷയാത്ര തുടരുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ പ്രതിഛായ അനുക്രമം മങ്ങുന്നു. ‘മൂന്നാറും കുരിശ് യുദ്ധ’വുമായി കെട്ടിമറയുന്ന സര്‍ക്കാറിന്റെ മുതുകില്‍ ഇപ്പോള്‍ ഇതാ മറ്റൊരു അടികൂടി. ആരെയും വിമര്‍ശിക്കാന്‍ തനിക്ക് സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് അടിയുറച്ച് കരുതുന്ന വൈദ്യുതി മന്ത്രി എം.എം. മണിയുടെ ലക്കും ലഗാനുമില്ലാത്ത നാവും ധിക്കാരപരമായ പെരുമാറ്റരീതികളുമാണ് ഇപ്പോള്‍ സര്‍ക്കാറിന് വിനയാകുന്നത്. ഇടുക്കിയിലെ സിപിഎം കാരുടെ ‘കറുത്ത മുത്തായ’ മണിയാശാനാണെങ്കില്‍ വിവാദ പ്രസംഗങ്ങളിലൂടെ പണ്ടേ കുപ്രസിദ്ധന്‍. എതിര്‍പക്ഷത്തുള്ളവരെ കശാപ്പുചെയ്യാന്‍ ‘വണ്‍ ടു ത്രീ’ ഡയറക്ഷന്‍ കൊടുത്ത ഈ നേതാവ് മന്ത്രി സ്ഥാനത്ത് എത്തിയതില്‍പ്പിന്നീട് കയറൂരി വിട്ട കാളയെ പോലെ ഓടിച്ചാടി തുള്ളിതിമിര്‍ക്കുകയാണ്, ആരുണ്ട് ഇവിടെ ചോദിക്കാന്‍ എന്ന മട്ടില്‍. ഇ.പി ജയരാജന്റെ രാജിയെ തുടര്‍ന്ന് എം.എം. മണിയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച സന്ദര്‍ഭത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നവര്‍ സിപിഎമ്മില്‍ തന്നെ ഏറെയുണ്ടായിരുന്നു. പക്ഷെ, പിണറായിയുടെ പ്രിയപ്പെട്ടവരില്‍ ഒരാളായ മണിക്ക് മന്ത്രി സ്ഥാനത്ത് എത്താന്‍ തെല്ലും പ്രയാസമുണ്ടായില്ല. സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി തീര്‍ന്ന അദ്ദേഹം പിന്നീടിങ്ങോട്ട് വാക്കിലൂടെയും പെരുമാറ്റത്തിലൂടെയും പലരെയും നോവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ‘പെമ്പിളൈ ഒരുമൈ’ യെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിലൂടെ അദ്ദേഹം വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ്. ദേവീകുളം സബ് കളക്ടറെ ഊളമ്പാറയ്ക്ക് അയക്കണമെന്ന പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ‘പൊമ്പിളൈ ഒരുമൈ’ കൂട്ടായ്മയെ അധിക്ഷേപിച്ച് മന്ത്രി മണി നടത്തിയ വിവാദ പ്രസംഗം കേരളത്തിന്റെ പൊതുസമൂഹത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചിരിക്കുകയാണ്.

‘മൂന്നാറിലെ സമരകാലത്ത് അയാള്‍ക്ക് അവിടെ കാട്ടിലായിരുന്നു പരിപാടി. കൂടെ ഒരു ഡി.വൈ.എസ് പിയുണ്ടായിരുന്നു സകലതും അവര്‍ ചെയ്തു എന്നത് ഞങ്ങള്‍ക്കറിയാം’ എന്നു തുടങ്ങുന്നതായിരുന്നു മണിയുടെ വാക്കുകള്‍. ഈ വിവാദ പരാമര്‍ശം തീക്കാറ്റ് പോലെ ആളിപടരുമെന്ന് മണിയാശാന്‍ കരുതി കാണില്ല. ചുരുക്കത്തില്‍ അദ്ദേഹം പുലിവാല്‍ പിടിച്ചെന്നെല്ലാതെ എന്തു പറയാന്‍..? ‘എം.എം മണിയെ വിടമാട്ടെ’ എന്ന് പറഞ്ഞുകൊണ്ട് സംഘടനയുടെ നേതാവ് ഗോമതിയും സഹപ്രവര്‍ത്തകരും നടത്തുന്ന സമരം ഇടുക്കിയില്‍ ജില്ലാതല ഹര്‍ത്താലിലേക്കാണ് വഴിയൊരുക്കിയത്. വിവാദ പരാമര്‍ശത്തില്‍ മന്ത്രി മാപ്പ് പറയണമെന്ന ആവശ്യം മണി പുച്ഛിച്ച് തള്ളിയിരിക്കുകയാണ്.

‘പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടെയെന്നുമാണ് ‘മന്ത്രിയുടെ ഭാഷ്യം. പാര്‍ട്ടി എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും. എന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പറഞ്ഞതില്‍ തെറ്റിദ്ധാരണയുണ്ടായി എന്ന് തോന്നിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി ഇക്കാര്യത്തില്‍ ഒന്നും പറയില്ലെന്നും താന്‍ പോയി മാപ്പ് പറഞ്ഞിട്ട് അവര്‍ സമരം നിര്‍ത്തേണ്ട ആവശ്യമില്ലെന്നും സമരം അവസാനിപ്പിക്കണോയെന്ന് ചിന്തിക്കേണ്ടത് അവരെ ഇരുത്തിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ എത്ര വേട്ടയാടിയാലും പറയാനുള്ളത് ഇനിയും പറയുമെന്നും മണി പറഞ്ഞു. മൂന്നാര്‍ ഓപ്പറേഷനിലെ മുന്‍ സംഘത്തലവന്‍ കെ. സുരേഷ്‌കുമാറിനെ കുറിച്ച് താന്‍ ഇന്നലെ പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കളക്ടര്‍ക്കൊപ്പമാണ്. മുഖ്യമന്ത്രിവരെ മണിയുടെ പരാമര്‍ശത്തെ തള്ളിപറഞ്ഞിട്ടുണ്ട് എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല എന്നതാണ് പരമാര്‍ത്ഥം. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് അവകാശപ്പടുന്ന ഈ സര്‍ക്കാര്‍ മണിയുടെ കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് കണ്ടറിയുക മാത്രം…