സ്വകാര്യ, സിനിമാ അനുഭവങ്ങളുമായി മോഹന്‍ലാലിന്റെ ജീവചരിത്രം ‘മുഖരാഗം’ വരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സ്വകാര്യ, സിനിമാ അനുഭവങ്ങളുമായി മോഹന്‍ലാലിന്റെ ജീവചരിത്രം ‘മുഖരാഗം’ വരുന്നു.

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു. ‘മുഖരാഗം’ എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രം ലാലിന്റെ ജീവിതത്തിന്റെ പകര്‍പ്പായിരിക്കും. മോഹന്‍ലാലിന്റെ സ്വകാര്യ-അഭിനയ ജീവിതത്തിനു പുറമേ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രം കൂടിയായിരിക്കും മുഖരാഗമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഭാനു പ്രകാശാണ് മുഖരാഗത്തിന്റെ രചയിതാവ്. മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മുഖരാഗത്തിന്റെ പ്രകാശനം ഉടന്‍ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ‘ഗുരുമുഖങ്ങള്‍’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് മുഖരാഗത്തെ കുറിച്ച് താരം പറഞ്ഞത്. നടന്‍ മധുവിന് നല്‍കിയാണ് ഗുരുമുഖങ്ങള്‍ പ്രകാശനം ചെയ്തത്.

ഭാനു പ്രകാശ് തന്നെയാണ് ഇതിന്റെയും രചയിതാവ്. ഗുരുമുഖങ്ങള്‍ തന്റെ ഗുരുത്വമാണെന്ന് മോഹന്‍ലാല്‍ വിശദീകരിച്ചു. മലയാളത്തിലെയും മറ്റു ഭാഷകളിലെയും സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖരോടൊപ്പമുള്ള അനുഭവങ്ങളാണ് ഗുരുമുഖങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. താന്‍ അടുത്തറിഞ്ഞ മഹാരഥന്‍മാരെ അതേ രീതിയില്‍ അവതരിപ്പിക്കാന്‍ ഭാനുപ്രകാശിനായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഭാഗ്യം ചെയ്ത നടനാണ് ഞാന്‍. സത്യന്‍ മാഷിനെയും ശിവാജി ഗണേശനേയും കൊട്ടാരക്കര ശ്രീധരന്‍ നായരെയും നാഗേശ്വര റാവുവിനെയും പോലുള്ള മഹാരഥന്‍മാരെ കാണാനായത് ഭാഗ്യമാണ്. അവരുടെ കാലത്ത് ജീവിക്കാനായതും എന്റെ ഭാഗ്യമാണെന്നും പ്രകാശന ചടങ്ങില്‍ താരം കൂട്ടിച്ചേര്‍ത്തു.

0Shares