സ്വകാര്യത മൗലികാവകാശം; ചരിത്രവിധിയുമായി സുപ്രീം കോടതി

  • Post category:news
  • Reading time:2 mins read
You are currently viewing സ്വകാര്യത മൗലികാവകാശം; ചരിത്രവിധിയുമായി സുപ്രീം കോടതി


ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുട ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ. കെ.അഗർവാൾ, റോഹിന്റൻ റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി. വൈ. ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, എസ്. അബ്‌ദുൽ നസീർ എന്നിവരുമുൾപ്പെട്ടതാണ് ഭരണഘടനാ ബെഞ്ച്. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികള്‍ ഇതോടെ അപ്രസക്തമായി. പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.

സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നട‍ത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തുക. ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നു കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു.  സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനുമുള്ള അധികാരമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കുമെന്നും കോടതി ഒമ്പതംഗ ബെഞ്ച് പരാമര്‍ശം നടത്തി. ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെങ്കിലും അതിന് പരിധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വിശപ്പകറ്റാൻ കുട്ടികൾ വേരും കിഴങ്ങുമൊക്കെ കഴിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. അത്തരമൊരു രാജ്യത്ത് ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ. കെ.വേണുഗോപാൽ ചോദിച്ചു. തൊഴിലിനും പാര്‍പ്പിടത്തിനും ഭക്ഷണത്തിനും ഉള്ള അവകാശമാണ് സ്വകാര്യതയെക്കാൾ വലുത്.

ചില വ്യക്തികളുടെ സ്വകാര്യതയാണോ, അതോ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളാണോ വലുതെന്ന് കോടതി തീരുമാനിക്കണം. ജീവിക്കാനുള്ള അവകാശം മൗലിക അവകാശം എന്നതുപോലെ സ്വകാര്യതയും അവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്നും കേന്ദ്രം വാദിച്ചു. സ്വകാര്യത നിയമം മൂലം പരിരക്ഷിക്കാൻ കഴിയുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കിൽ ഈ കേസ് ഇപ്പോൾ തന്നെ അവസാനിപ്പിക്കാമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യത. സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനും ഉള്ള അധികാരമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഓരോ തോന്നലുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ തരുമാനം എടുക്കരുതെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.

0Shares