
മുംബൈ: സ്യൂയസില്‍ നിന്ന് സിംഗപ്പൂരിലേക്ക് 13 ഇന്ത്യാക്കാരടക്കം 27 പേരുമായി പോയ കപ്പല്‍ ലക്ഷദ്വീപ് തീരത്ത് തീപിടിച്ചു. അപകടത്തില്‍പെട്ട കപ്പലിലെ നാല് ജീവനക്കാര്‍ ഒഴികെയുള്ളവരെ രക്ഷിച്ചു. ജീവനക്കാര്‍ ജീവനോടെയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അപായസൂചന ലഭിച്ചതിനെ തുടര്‍ന്ന് എം. വി അല്‍സ് സിസെറോ എന്ന മെര്‍ച്ചന്റ് നേവി കപ്പല്‍ സഹായവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് 23 പേരെ രക്ഷിച്ചു. നാലു പേരെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് കപ്പലില്‍ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം ഉപേക്ഷിച്ച് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുകുന്നു.

മേഴ്സെക് ഹോനം എന്ന കപ്പലിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിത്തം ഉണ്ടായത് . ഏറ്റവും താഴത്തെ നിലയില്‍ നിന്ന പടര്‍ന്ന തീ മുകള്‍ഭാഗം വരെ പടരുകയായിരുന്നു. തീപിടിച്ചയുടന്‍ കപ്പലില്‍ സ്ഫോടനം ഉണ്ടായി. അപകടം നടക്കുമ്പോള്‍ ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെയായിരുന്നു കപ്പല്‍.
