സ്മാര്‍ട്ട് ഫോണ്‍ വില്ലനാകുന്നുവോ..? കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

  • Post category:news
  • Reading time:2 mins read
You are currently viewing സ്മാര്‍ട്ട് ഫോണ്‍ വില്ലനാകുന്നുവോ..? കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: സ്മാര്‍ട്ട് ഫോണിന്റെ അമിതമായ ഉപയോഗം മൂലം കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളില്‍ പല തരത്തിലുള്ള മാനസീക പ്രശ്നങ്ങള്‍ക്കും ഇതു വഴി വെക്കുന്നുവെന്നും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നതെന്നും പഠനം. ഇത്തരം പെണ്‍കുട്ടികളില്‍ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസിലെ സാന്‍ ഡിയാഗൊ യൂണിവേഴ്സിറ്റിയില്‍ ജീന്‍ ട്വീഗ് എന്നയാള്‍ നടത്തിയ പഠനമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു കെണ്ടുവന്നിരിക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണല്‍ പ്രസിദ്ധീകരിച്ച യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ എന്ന പഠനം പുറത്തുവിട്ട കണക്കുകള്‍ ഏവരേയും ഞെട്ടിക്കുന്നതാണ്. ഈ പഠനറിപ്പോര്‍ട്ട് പ്രകാരം 2010-2015 കാലയളവില്‍ ആത്മഹത്യ ചെയ്ത കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 65 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. 13 നും 18 നും ഇടയില്‍ പ്രായമായ പെണ്‍കുട്ടികളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ പ്രായക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യ ചിന്തയും, ആത്മഹത്യാശ്രമവും, നിരുത്സാഹപരമായ പെരുമാറ്റവും, ആത്മഹത്യാ പദ്ധതിയുമെല്ലാം 12 ശതമാനമായും ഉയര്‍ന്നതായും പഠനത്തില്‍ പറയുന്നു. ട്വീനേജേഴ്സായ പെണ്‍കുട്ടികളില്‍ മാനസീക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുവരുന്നത് 58 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ കാരണം തേടിയുള്ള പഠനമാണ് വില്ലന്‍ മൊബൈല്‍ ഫോണാണെന്ന നിഗമനത്തിലെത്തിച്ചത്. കൂടാതെ 2010-2015 കാലയളവില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചതും മൊബൈല്‍ ഫോണിലൂടെയാണെന്നും ഈ പഠനത്തിലൂടെ തെളിഞ്ഞു. കുട്ടികള്‍ മറ്റുള്ള കാര്യങ്ങളിലെ ശ്രദ്ധക്കുന്നത് കുറവായെന്നും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം അവര്‍ അതിനു അടിമകളായി മാറുകയാണെന്നും കണ്ടെത്തി. അഞ്ചു വര്‍ഷക്കാലയളവില്‍ കുട്ടികളുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റമാണിതെന്നും ജീന്‍ ട്വീഗ് കൂട്ടിച്ചേര്‍ത്തു. കൗമാരക്കാര്‍ ദിവസം അഞ്ചോ അതില്‍ കൂടുതലൊ മണിക്കൂറുകളാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ മുഴുകിയിരിക്കുന്നത്. ഇത്തരം കൗമാരക്കാരുടെ എണ്ണം 48 ശതമാനത്തോളമാണെന്നു കണ്ടെത്തി. കുട്ടികള്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വിട്ട് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും, വ്യായാമം,സ്പോര്‍ട്സ്, മതപാരമായ സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ഇതിലൂടെ കുട്ടികളില്‍ നിലനില്‍ക്കുന്ന ആത്മഹത്യ പ്രവണത കുറച്ചുകൊണ്ടുവരാന്‍ സാധിക്കും എന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഇന്ത്യയിലും അടുത്തകാലത്തായി നടക്കുന്ന പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലും മൊബൈല്‍ ഫോണിന്റെ സ്വാധീനമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. മണിക്കൂറോളമുള്ള സ്മാര്‍ട്ട്് ഫോണ്‍ ഉപയോഗം കുറക്കാന്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അനുസരിക്കാന്‍ പുതുതലമുറ തയ്യാറാകുന്നില്ലെന്നതാണ് മറ്റൊരു വെല്ലുവിളി.

0Shares