
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജി.പി.എസ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ലൈസൻസ് വ്യവസ്ഥകളും കർശനമാക്കും. ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി

കല്ലട ബസിൽ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകൾ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാൻ പോലീസിന്‍റെയും നികുതി വകുപ്പിന്‍റെയും സഹായം തേടുമെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കും. .കോൺട്രാക്ട് ക്യാരേജുകൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ ഫെയർസ്റ്റേജ് നിർണയ കമ്മിറ്റിയെ ചുമതലപ്പെടുത്തും. ബസിലെ സർവീസുകളുടെ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അതിന്‍റെ നിയമസാധുതകൾ തുടങ്ങി സമഗ്ര വിഷയങ്ങൾ പഠിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
