
രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കണമെന്ന ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി . രാജ്യത്തെ ഏതെങ്കിലും സ്ഥലത്തുവച്ച് തനിക്കെതിരെ നിറയൊഴിക്കാന്‍ കേന്ദ്രമന്ത്രിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധൈര്യമുണ്ടോ എന്ന് ഒവൈസി ചോദിച്ചു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അനുരാഗ് താക്കൂര്‍ കൊലവിളി പ്രസംഗം നടത്തിയത്. “ദേശ് കെ ഗദ്ദറോണ്‍’….എന്ന് താക്കൂര്‍ വിളിക്കുകയും “ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. സ്ഥലവും തീയതിയും പറഞ്ഞാല്‍ എന്തിനെയും നേരിടാന്‍ തയാറാണെന്നും ഒവൈസി പറഞ്ഞു.
താക്കൂറിന്റെ പ്രസ്താവന തന്നെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കായ അമ്മമാരും സഹോദരിമാരുമെല്ലാം രാജ്യത്തെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിട്ടുള്ളപ്പോള് താനെന്തിന് ഇത്തരം വാക്കുകളെ ഭയക്കണമെന്നും ഒവൈസി ചോദിച്ചു.
