സ്ത്രീസുരക്ഷക്കായി കേരളാ പോലീസ് ആരംഭിച്ച പിങ്ക് പട്രോളിങ് സംവിധാനത്തിന് ഇന്നേക്ക് ഒന്നാം വയസ്.

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീസുരക്ഷക്കായി കേരളാ പോലീസ് ആരംഭിച്ച പിങ്ക് പട്രോളിങ് സംവിധാനത്തിന് ഇന്നേക്ക് ഒന്നാം വയസ്.

 

തിരുവനന്തപുരം: സ്ത്രീസുരക്ഷക്കായി കേരളാ പോലീസ് തുടങ്ങിയ പിങ്ക് പട്രോള്‍ സംവിധാനത്തിന് ഇന്നേക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലും പദ്ധതി തുടങ്ങി. അടിയന്തരസാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും സജ്ജമാക്കിയ 1515 എന്ന നമ്പറിലേക്ക് ഇക്കാലയളവില്‍ എത്തിയത് 17,820 ഫോണ്‍വിളികളാണ്. പലപ്പോഴും വിദൂരഗ്രാമങ്ങളില്‍ നിന്നും പദ്ധതി നിലവിലില്ലാത്ത പ്രദേശങ്ങളില്‍നിന്നുമൊക്കെ സഹായാഭ്യര്‍ഥനകളെത്തി. പ്രാദേശിക പോലീസ് സംവിധാനങ്ങളുപയോഗിച്ച് ഭൂരിഭാഗത്തിനും പരിഹാരമുണ്ടാക്കാന്‍ സംഘത്തിനായി.

അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറും. ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാരാണ് പട്രോളിങ് വാഹനം കൈകാര്യംചെയ്യുന്നത്. സി-ഡാക്ക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് സോഫ്‌റ്റ്വേറും വാഹനവും തയ്യാറാക്കിയത്. സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പട്രോളിങ് നടത്തുന്നത് സ്ത്രീകളില്‍ സുരക്ഷിതത്വബോധം പകരാനും സുരക്ഷ വര്‍ധിപ്പിക്കാനും ഏറെ സഹായകമാണെന്ന് പോലീസ് പറയുന്നു. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

0Shares