വാഷിങ്ടണ്‍: സ്ത്രീയായതുകൊണ്ടു മാത്രം തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാനുള്ള അവസരം നഷ്ടമായെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനപതിയും ഇന്ത്യാക്കാരിയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ ‘ സ്ത്രീകളുടെ സ്ഥാനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലി. ഇന്ത്യയിലെ ആദ്യ കാല അഭിഭാഷകരില്‍ ഒരാളായിരുന്നു തന്റെ അമ്മ. അന്നത്തെ സാമൂഹ്യ വ്യവസ്ഥകള്‍ മൂലമാണ് അമ്മയ്ക്ക് ജഡ്ജിയാകാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പോലും വിലക്കുളളപ്പോഴാണ് അമ്മ ഇത്രയും പരിമിതികള്‍ മറികടന്ന് ഇന്ത്യയില്‍ നിയമവിദ്യാഭ്യാസം നേടിയത്.

അതേസമയം വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയുടെ മകള്‍ സൗത്ത് കാരലീനയിലെ ഗവര്‍ണറും യു.എന്നില്‍ യു.എസ് പ്രതിനിധിയാകുന്നതും കണ്ട് അമ്മ അഭിമാനിച്ചിട്ടുണ്ടാകുമെന്ന് ഹാലി പറഞ്ഞു. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു. യു.എസില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ് നിക്കി ഹാലി. 1960 കളില്‍ പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹാലിയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റന്‍ മൈക്കലാണ് ഭര്‍ത്താവ്.