സ്ത്രീധനത്തിന് കാരണം വൈരൂപ്യം!

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീധനത്തിന് കാരണം വൈരൂപ്യം!

മുംബൈ: നമ്മുടെ സമൂഹത്തില്‍ ഏറെ വിവാദമായി നിലനില്‍ക്കുന്ന ഒരു വിഷയമാണല്ലോ സ്ത്രീധനം.എന്നാല്‍ ഇതാ സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനും വിചിത്രമായ ന്യായീകരണവുമായി മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പാഠപുസ്തകം.പെണ്‍കുട്ടികളുടെ വൈരൂപ്യവും,വൈകല്യവുമാണ് നിലവിലെ പ്രധാന സാമൂഹ്യപ്രശ്‌നമായ സ്ത്രീധന കൈമാറ്റത്തിനുള്ള കാരണങ്ങളിലൊന്നായി പ്രസ്തുത പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്.


‘ഇന്ത്യയിലെ സാമൂഹിക വിപത്തുകള്‍’ എന്ന ഭാഗത്താണ് സ്ത്രീധനവും കാരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് സൗന്ദര്യമില്ലെങ്കിലോ, അംഗവൈകല്യമോ ഉണ്ടെങ്കില്‍ അവളുടെ വിവാഹം കഴിയുക എന്നത് ബുദ്ധിമുട്ടാണ്. അത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരനോ വരന്റെ വീട്ടുകാരോ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടും. അങ്ങനെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം കൊടുക്കാന്‍ ബാധ്യസ്ഥരുമായിത്തീരും. ഇത് സ്ത്രീധനമെന്ന ആചാരമായി മാറാന്‍ കാരണമായെന്നാണ് പാഠപുസ്തകത്തിലെ പരാമര്‍ശം.


അനുയോജ്യനായ വരനെ കിട്ടാന്‍ വേണ്ടിയെന്നാണ് സ്ത്രീധനത്തിന് വേണ്ടിയുള്ള മറ്റൊരു കാരണമായി പാഠപുസ്തകം ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ മകള്‍ക്ക് തങ്ങളാഗ്രഹിക്കുന്ന നിലയിലും വിലയിലുമുള്ള വരനെ കിട്ടാന്‍ എത്ര തുകയും ചെലവഴിക്കാന്‍ തയ്യാറാകുന്നു. അതിനാല്‍ അവര്‍ വരനും വരന്റെ കുടുംബത്തിനും കൂടുതല്‍ സ്ത്രീധനം അങ്ങോട്ട് വാഗ്ദാനം ചെയ്യുന്നുവെന്നും ഇതിന് വിശദീകരണമായി നല്‍കിയിരിക്കുന്നു. സ്ത്രീധനമെന്ന സാമൂഹിക തിന്മ വളര്‍ത്തുന്ന 12 കാരണങ്ങളാണ് പുസ്തകത്തില്‍ വിശദീകരിച്ചിട്ടുള്ളത്.
2013 മുതല്‍ പുസ്തകം നിലവിലുണ്ട്. എന്നാല്‍ ഈ വര്‍ഷം തൊട്ടാണ് എതിര്‍പ്പുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയതെന്നാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. സ്ത്രീധനത്തെ കുറിച്ചുള്ള ഈ പാഠഭാഗം തങ്ങളെ ഞെട്ടിച്ചുവെന്നാണ് പല അധ്യാപകരും പറയുന്നത്. പലരും ഈ ഭാഗം പഠിപ്പിക്കാതെ വിടുകയാണ് ചെയ്യുന്നത്.ഇങ്ങനെയൊരു പാഠ ഭാഗം വന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നത അധികൃതര്‍ അറിയിച്ചു.

0Shares