
ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകളെ കമാന്‍ഡര്‍മാരായി നിയമിക്കണമെന്ന ഹരജിയെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. പുരുഷ പട്ടാളം വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ലെന്നും ഇതിനാല്‍ സ്ത്രീകളെ പട്ടാളത്തില്‍ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് നിയമിക്കുന്നതില്‍ തടസ്സമുണ്ടെന്നും കേന്ദ്രം കോടതിയിലറിയിച്ചു.

നിയമനം നടത്തിയാല്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും ഇവരെ യുദ്ധ തടവുകാരായി തട്ടികൊണ്ടു പോയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്ത്രീകളുടെ ശാരീരിക മാനസിക പരിമിതികളാണ് സര്‍ക്കാര്‍ കോടതിയിലുന്നയിച്ച മറ്റൊരു വാദം. എന്നാല്‍ യാഥാസ്ഥിതിക നിലപാടില്‍ തുടരാതെ കാലത്തിനൊത്ത് സഞ്ചരിക്കണമെന്ന് സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബ്രുവരി രണ്ടാം വാരം വിധി പ്രഖ്യാപിക്കും.
