സ്കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്ന സ്കൂൾവിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇരുപത്തൊന്നുകാരന്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്ന സ്കൂൾവിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇരുപത്തൊന്നുകാരന്‍ പിടിയില്‍

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഇരുപത്തൊന്നുകാരൻ അറസ്റ്റിൽ. പെരുവയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടി. ബൈക്കിലെത്തിയ ആകാശ് പെൺകുട്ടിയുടെ സമീപത്ത് ബൈക്ക് നിർത്തുകയും നിലത്ത് വീണുപോയ മൊബൈൽ എടുത്തുതരാൻ ആവശ്യപ്പെടുകയും ചെയ്തു.

പെൺകുട്ടി ഫോൺ എടുത്തുനൽകുന്നതിനിടെ ഇയാൾ സ്കൂൾ ബാഗിൽ ബലമായി പിടിച്ചുവലിക്കുകയും ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയും ചെയ്തു. ബൈക്കിന്‍റെ പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെൺകുട്ടി വേഗത കുറഞ്ഞ സമയം ബൈക്കിൽ നിന്നും ചാടി.

രക്ഷപ്പെട്ട പെൺകുട്ടി നാട്ടുകാരോട് വിവരങ്ങൾ പറഞ്ഞു. ഇതേസമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്‍റെ നമ്പര്‍ സഹിതം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കൂത്താട്ടുകുളം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരുവ സ്വദേശി ആകാശ് ആണ് പോലീസിന്‍റെ പിടിയിലായത്. സുഹൃത്തിന്‍റെ ബൈക്കുമായാണ് ആകാശ് എത്തിയതെന്ന് പോലീസിന് ബോധ്യപ്പെട്ടു. ബൈക്ക് ഉടമയായ സുഹൃത്തിന്‍റെ സഹായത്തോടെയാണ് പോലീസ് വീട്ടിലെത്തി ആകാശിനെ പിടികൂടിയത്. പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലായി 6 ക്രിമിനൽ കേസുകൾ ആകാശിനെതിരെയുള്ളതായി പോലീസ് വ്യക്തമാക്കി.

0Shares