
ന്യൂഡൽഹി: ദേശീയതലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കാനൊരുങ്ങുമ്പോഴാണ് സോളാര്‍ കേസില്‍ കേരള നേതാക്കള്‍ക്കെതിരെ കേസ് വരുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.എം. ഹസന്‍ എന്നിവരെയാണ് വിളിച്ചിച്ചിരിക്കുന്നത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷമുള്ള രാഷ്ട്രീയസാഹചര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്ക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് രമേശ് ചെന്നിത്തല നിലവില്‍ ഡല്‍ഹിയിലുണ്ട്. കൂടുതല്‍ നേതാക്കളെ ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. നാളെ ഉച്ചയ്ക്കുശേഷമാണ് കൂടിക്കാഴ്ച.
