
ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ സൈനികര്‍ രംഗത്ത്. രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികര്‍ കത്ത് നല്‍കി. എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്.

സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ സൈനികര്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് അഭിനന്ദന്‍ വര്‍ധമാന്‍റെ ചിത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നുവെന്നും സൈനികര്‍ ചൂണ്ടിക്കാട്ടി.
ജനറല്‍ സുനിത് ഫ്രാന്‍സീസ് റോഡ്രിഗസ്, ശങ്കര്‍ റോയി ചൗധരി, ദീപക് കപൂര്‍, അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസ്, വിഷ്ണു ഭഗവത്, അരുണ്‍ പ്രകാശ്, സുരേഷ് മേത്ത, എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.സി. സുരി എന്നി സൈനിക മേധാവിമാരാണ് കത്തയച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോഡി സേന പരാമര്‍ശത്തെയും സൈനികര്‍ വിമര്‍ശിച്ചു.
