തുര്‍ക്കി: സെല്‍ഫി ഭ്രമം ഇന്ന് ലോകമെമ്പാടും യുവ തലമുറയില്‍ ക്യാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്-ഒരുതരം ഞരമ്പ് രോഗം പോലെ!.. സാധാരണ സെല്‍ഫികളെക്കാള്‍ ഇന്ന് ചെറുപ്പക്കാര്‍ക്ക് പ്രിയം സാഹസികത നിറഞ്ഞ സെല്‍ഫികളാണ്്. അതിനായി എന്തു ക്രൂരതയും ചെയ്യാന്‍ ഒരുക്കമാണ് അവരില്‍ പലരും. ഈയിടെ തുര്‍ക്കിയില്‍ നടന്ന ഒരു സംഭവം മനുഷ്യ മനസ്സാക്ഷിയെപ്പോലും ഞെട്ടിപ്പിക്കാന്‍ പോന്നതാണ്. തുര്‍ക്കിയിലെ ഈസ്പാര്‍ത്ത എന്ന സ്ഥലത്താണ് സംഭവം നടന്നത്. കേവലം ഒരു സെല്‍ഫി എടുക്കാന്‍ വേണ്ടി രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു നായയുടെ ഇരു ചെവികളും അറുത്തു മാറ്റിയ ശേഷം നായച്ചെവികള്‍ കൈയ്യിലേന്തി സെല്‍ഫി എടുത്ത് മതിമറന്ന് സന്തോഷിക്കുന്നു. അവരുടെ തൊട്ടടുത്ത് ചോര വാര്‍ന്നൊഴുകി വേദന കൊണ്ട് പുളയുന്ന പാവം നായ. ഈ ക്രൂരതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയും വന്‍ തുക ഇവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു.എന്നാല്‍ കേവലം പിഴ ഇടാക്കിയത് കൊണ്ട് ആ മിണ്ടാപ്രാണിയ്ക്ക് ഉണ്ടായ വേദനയ്ക്ക് പരിഹാരമാകില്ല എന്നാണ് മൃഗസ്നേഹികളുടെ പക്ഷം.സംഭവത്തിനെതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം അലയടിച്ചു വരികയാണ്്.

സെല്‍ഫിക്ക് വേണ്ടി മൂകപ്രാണികളോട് ക്രൂരത കാട്ടി നിര്‍വൃതി കൊള്ളുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ ചെന്നൈയില്‍ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒരു നായയെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും നിര്‍ദയം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം വ്യാപകമായ പ്രതിഷേധത്തിന് കളമൊരുക്കിയിരുന്നു. സെല്‍ഫി ഭ്രമം മൂക്കുമ്പോള്‍ മനുഷ്യര്‍ സ്‌നേഹവും കാരുണ്യവും സഹജീവി സ്‌നേഹവും കൈവെടിഞ്ഞ് സ്വാര്‍ത്ഥമതികളും ആത്യന്തികമായി സംസ്‌കാര ശൂന്യരുമായി മാറുന്നുവെന്നാണ് വര്‍ത്തമാന കാലം സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെതിരെ നാടെമ്പാടും വലിയൊരു മുന്നേറ്റം അനിവാര്യമാണ്.