
കൊച്ചി: ഫെയ്‌സ്ബുക്ക് വഴി വന്‍ തൊഴില്‍ തട്ടിപ്പ്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. തൃശൂര്‍ കുന്ദംകുളം സ്വദേശിനി കൃഷ്ണേന്ദുവും (21) സുഹൃത്ത് ജിന്‍സണുമാണ് കൊച്ചിയില്‍ അറസ്റ്റിലായത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഗള്‍ഫില്‍ സ്വന്തമായി തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ സെയില്‍സ് മാന്‍ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇരുവരും ചേര്‍ന്നു 53,000 രൂപ വീതം ആകെ 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും അവരുടെ സുഹൃത്തുക്കളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. വെണ്ണല സ്വദേശിയുടെ പരാതിയില്‍ പലാരിവട്ടം പോലീസ് യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.